അയാളുടെയും എന്റെയും പേര് ചേർത്തുള്ള വിവാഹക്ഷണക്കത്താണ് കൈയിൽ കിട്ടിയത്; മാളവിക മോഹനൻ
Wednesday, January 1, 2025 12:09 PM IST
ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ് മാളവിക മോഹനൻ. തമിഴിലും ഹിന്ദിയിലും തെലുങ്കിലും വലിയ സിനിമകൾ മാളവികയെ തേടിയെത്തുന്നു. ഒരുപാട് അവസരങ്ങൾ നേരത്തെയും വന്നിരുന്നെങ്കിലും മികച്ച സിനിമകൾക്കായി കാത്തിരിക്കുകയായിരുന്നു നടി.
സിനിമയ്ക്കൊപ്പം ഫാഷൻ വേദികളിലും മാളവിക താരമാണ്. സിനിമോട്ടോഗ്രാഫർ കെ.യു മോഹനന്റെ മകളാണ് മാളവിക. മലയാളിയാണെങ്കിലും നടി വളർന്നത് മുംബൈയിലാണ്. ഇപ്പോഴിതാ തന്റ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മാളവിക മോഹനൻ. ഒരു ആരാധകന്റെ കടുത്ത സ്നേഹത്തെക്കുറിച്ചും മാളവിക മോഹനൻ സംസാരിച്ചു. ചെന്നൈയിൽ മാസ്റ്റർ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു ഞാൻ.
നഗരത്തിൽ നിന്നും മാറിയുള്ള സ്ഥലമായിരുന്നു. ഒരു ആരാധകൻ എനിക്ക് ഒരു പ്രിന്റ് ഔട്ട് തന്നു. പെയിന്റിഗോ മറ്റോ ആയിരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ വിവാഹക്ഷണക്കത്തായിരുന്നു അത്. അയാളുടെയും എന്റെയും പേരാണ് ക്ഷണക്കത്തിലുള്ളത്. ഞാൻ പോലും തിരിച്ചറിയാതെ ഞാൻ കമ്മിറ്റഡായോ എന്ന് തോന്നി. എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നെന്നും മാളവിക മോഹനൻ ചിരിയോടെ പറഞ്ഞു.
വിവാഹ സ്വപ്നങ്ങളെക്കുറിച്ചും മാളവിക സംസാരിച്ചു. പങ്കാളി സിനിമാ രംഗത്ത് നിന്നുള്ളയാളായാലും അല്ലെങ്കിലും കുഴപ്പമില്ല. കുട്ടികൾ വേണം. എനിക്ക് കുട്ടികളെ ഇഷ്ടമാണ്. വളരെ സ്ട്രോംഗായ മറ്റേർണൽ ഇൻസ്റ്റിക്റ്റ് എനിക്കുണ്ടെന്ന് കരുതുന്നു. ഭാവിയിൽ തീർച്ചയായും മക്കൾ വേണം. എന്റെ മീൻ കറിയും മറ്റും കുട്ടികൾക്ക് നൽകണം. എനിക്ക് എന്റെ അമ്മ തന്ന ഓർമകൾ മക്കൾക്ക് നൽകണം. അവർക്ക് വേണ്ടി പാചകം ചെയ്യണം. എന്റെ കൈ കൊണ്ടുണ്ടാക്കിയത് അവരെ കഴിപ്പിക്കണം. ഇതെല്ലാം എന്റെ ആഗ്രഹമാണെന്ന് മാളവിക മോഹനൻ വ്യക്തമാക്കി.
ദ രാജാ സാബ് ആണ് മാളവികയുടെ റിലീസ് ചെയ്യാനുള്ള ചിത്രം. പ്രഭാസാണ് ചിത്രത്തിലെ നായകൻ. തങ്കലാൻ, യുദ്ര എന്നീ സിനിമകളിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. വിക്രം നായകനായ തങ്കലാൻ സംവിധാനം ചെയ്തത് പാ രഞ്ജിത്ത് ആണ്. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. സിദ്ധാന്ത് ചതുർവേദി ആയിരുന്നു യുദ്രയിലെ നായകൻ.
മാളവികയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് കടക്കുന്നത്. ക്രിസ്റ്റിയാണ് നടിയിടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.