എട്ടുവർഷം നീണ്ട നിയമയുദ്ധത്തിന് ഒടുവിൽ അവസാനം; ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വേർപിരിഞ്ഞു
Wednesday, January 1, 2025 8:27 AM IST
എട്ട് വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ താരദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും നിയമപരമായി വിവാഹമോചിതരായി. ഇരുവരും ഡിസംബര്‍ 30-ന് വിവാഹമോചന കരാറില്‍ ഒപ്പുവച്ചു.
ആഞ്ജലീനയും കുട്ടികളും ബ്രാഡ് പിറ്റുമായി പങ്കിട്ടിരുന്ന സ്വത്തുക്കളിലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ചുവെന്നും കുടുംബത്തിന്റെ സമാധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടിയുടെ അഭിഭാഷകനെ ഉദ്ധരിച്ച് പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു.
വർഷങ്ങൾ നീണ്ട പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ ഡിവോഴ്സിന് ധാരണയായതിൽ ആഞ്ജലീന ജോളിക്ക് ആശ്വാസമുണ്ടെന്നും കേസ് ഇവരെ മാനസികമായി തളർത്തിയിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകൻ ജെയിംസ് സൈമൺ പ്രതികരിച്ചു.
2016-ലാണ് ആഞ്ജലീന ജോളി ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. വേര്‍പിരിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ നിയമപോരാട്ടവും തുടങ്ങിയിരുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കവും കുട്ടികളുടെ അവകാശവും ധാരണയിലെത്താതിരുന്നതോടെയാണ് നിയമയുദ്ധം നീണ്ടുപോയത്.