ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ; വിമർശകരോട് ഗോപി സുന്ദർ
Monday, December 30, 2024 11:33 AM IST
നിരന്തരമായി സൈബർ ആക്രമണം നേരിടുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഏത് ചിത്രം ഗോപി പങ്കുവച്ചാലും അതിന് താഴെ പലതരത്തിലുള്ള നെഗറ്റീവ് കമന്റുകളാണെത്തുന്നത്. ഇപ്പോഴിതാ ഇത്തരം വിമർശകരെ വെല്ലുവിളിച്ചെത്തിയിരിക്കുകയാണ് ഗോപി.
ആകെ ഒരു ജീവിതമേ ഉള്ളൂവെന്നും അതു പൂർണമായി ജീവിക്കണമെന്നും ഗോപി സുന്ദർ പറയുന്നു. ‘നാണംകെട്ടവൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ താൻ അഭിനയിക്കുന്നില്ല. ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ എന്നും ഗോപി സുന്ദർ സമൂഹമാധ്യമത്തിൽ കുറിച്ചു. സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം കൂടി ചേർത്താണ് ഗോപി സുന്ദറിന്റെ പോസ്റ്റ്.
ഗോപി സുന്ദറിന്റെ വാക്കുകൾ: ‘ആളുകൾ തങ്ങളുടെ യഥാർഥ സ്വഭാവം മറച്ചുപിടിച്ചും അടക്കിപ്പിടിച്ചും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അഭിനയിക്കുന്നു. പക്ഷേ, ഞാൻ അങ്ങനെ അഭിനയിക്കുന്നില്ല. ഞാൻ ഞാനായിട്ടാണ് ജീവിക്കുന്നത്. ‘നാണംകെട്ടവൻ’ എന്ന് ആളുകൾ വിളിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു.
ആദത്തിന്റെയും ഹവ്വയുടെയും കഥയിൽ അവരുടെ അനുസരണക്കേടാണ് നാണക്കേടിലേക്കും ഒളിച്ചോട്ടത്തിലേക്കും നയിച്ചത്. സത്യത്തിൽ അവർ ആധികാരികമായി ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ്.
ബൈബിൾ പറയുന്നതുപോലെ, ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ (യോഹന്നാൻ 8:32). വെറും നാട്യത്തേക്കാൾ ദൈവം വിലമതിക്കുന്നത് സത്യവും സത്യസന്ധതയുമാണ്. ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ. നമുക്ക് ആകെ ഒരു ജീവിതമേ ഉള്ളൂ. അതു പൂർണമായി ജീവിക്കൂ. മറ്റുള്ളവരെ അവരുടെ ജീവതം ജീവിക്കാൻ അനുവദിക്കൂ. എപ്പോഴും സമ്മതത്തെ മാനിക്കുക. സന്തോഷത്തോടെയിരിക്കൂ, യഥാർഥമായിരിക്കൂ. എല്ലാവർക്കും പുതുവത്സരാശംസകൾ.
പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും അദ്ദേഹം സൈബർ ആക്രമണങ്ങൾക്കു വിധേയനാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ ഗോപി ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്.