ഒന്നിച്ചു ചുവടുവെച്ച് 11,600 നര്‍ത്തകര്‍; ദിവ്യ ഉണ്ണിയുടെ മെഗാ ഭരതനാട്യം ഗിന്നസ് റിക്കാര്‍ഡില്‍
Monday, December 30, 2024 9:30 AM IST
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 പേര് ചേര്‍ന്ന് അവതരിപ്പിച്ച ഭരതനാട്യം ലോക റിക്കാര്‍ഡിലേക്ക്. മൃദംഗനാദം സംഘടിപ്പിച്ച പരിപാടിക്ക് ഗിന്നസ് അധികൃതര്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി.
ചലച്ചിത്ര സീരിയല്‍ താരങ്ങളായ ദേവീചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, ഋതുമന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവര്‍ നൃത്തത്തില്‍ പങ്കെടുത്തു. ഈ പരിപാടി കാണാനെത്തിയപ്പോഴാണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്.
കൈതപ്രം ദാമോദരന്‍ നപ്രൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരന് സംഗീതം നല്കി പിന്നണി ഗായകന് അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിനാണ് നർത്തികർമാർ ചുവടുവച്ചത്.
10,176 നര്‍ത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ റിക്കാര്‍ഡ്. ഈ റിക്കാർഡാണ് ദിവ്യ ഉണ്ണിയും സംഘവും തകർത്തത്. എട്ടു മിനിറ്റ് നീണ്ട റെക്കോര്‍ഡ് ഭരതനാട്യം മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. ഗോകുല്‍ കോബകുമാറും സംഘവും ഗാനങ്ങള്‍ അവതരിപ്പിച്ചു.
കേരളത്തിന് പുറമെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും നര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. കല്യാണ്‍ സില്‍ക്സിന്റെ നെയ്ത്തുഗ്രാമങ്ങളില്‍ ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള ആര്‍ട്ട് സില്‍ക്ക് സാരി അണിഞ്ഞാണ് നര്‍ത്തകര്‍ ഒന്നിച്ചു ചുവടുവെച്ചത്.