ഷൂട്ട് വേഗം പൂർത്തിയാക്കി, മുറിയിൽ പോയി വിശ്രമിക്കാൻ പറഞ്ഞു, പക്ഷേ; ദിലീപ് ശങ്കറിന്റെ വേർപാടിൽ സംവിധായകൻ
Monday, December 30, 2024 8:59 AM IST
നടൻ ദിലീപ് ശങ്കർ സീരിയലിന്റെ സെറ്റിൽ അവസാനമായി എത്തിയ ദിവസം ഓർത്തെടുത്ത് സംവിധായകൻ മനോജ്. ശാരീരികമായി അത്ര സുഖമില്ലാത്ത അവസ്ഥയിലായിരുന്നതിനാൽ ഷൂട്ട് വേഗം തീർത്തു വിടുകയായിരുന്നുവെന്ന് മനോജ് പറയുന്നു.
മുറിയിൽ പോയി നന്നായി വിശ്രമിക്കൂ എന്നു പറഞ്ഞു യാത്രയാക്കിയ സഹപ്രവർത്തകന്റെ വേർപാട് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
""അഞ്ചു ദിവസമായി ഞങ്ങളുടെ വർക്കുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അദ്ദേഹം ഉണ്ടായിരുന്നു. എറണാകുളത്താണ് വീട്. രണ്ടു ദിവസം മുൻപാണ് സെറ്റിൽ വന്നു വർക്ക് ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസം വർക്ക് ഇല്ലായിരുന്നു. ഈ ഹോട്ടലിൽ തന്നെയുണ്ടായിരുന്നു അദ്ദേഹം. രണ്ടു ദിവസമായി ഞങ്ങളുടെ ആളുകൾ പുള്ളിയെ വിളിക്കുന്നുണ്ട്.
ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ഫോൺ എടുക്കാത്ത പ്രകൃതമുണ്ട് പുള്ളിക്ക്. സെറ്റിൽ നിന്ന് നേരിട്ടു വന്ന് വിളിച്ചു കൊണ്ടു പോവുകയാണ് പതിവ്. കഴിഞ്ഞ രണ്ടു ദിവസവും വർക്ക് ഇല്ലാതിരുന്നതുകൊണ്ട് ഫോണിൽ മാത്രമെ ബന്ധപ്പെട്ടിരുന്നുള്ളൂ. ഞായറാഴ്ചയും വർക്ക് ഇല്ല. പക്ഷേ, പുള്ളി ഫോൺ എടുക്കാത്തതുകൊണ്ട് നേരിൽ കണ്ടു സംസാരിക്കാൻ വന്നതാണ്. അപ്പോൾ മുറിയിൽ നിന്ന് ദുർഗന്ധം വരുന്നതു പോലെ അനുഭവപ്പെട്ടു. അങ്ങനെ പോലീസിൽ അറിയിക്കുകയായിരുന്നു.
ദിലീപ് ശങ്കറിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി എനിക്ക് അറിയാം. കൃത്യമായി എന്താണെന്ന് അറിയില്ല. കരൾ സംബന്ധമായി എന്തോ പ്രശ്നമാണ്. അതിന്റെ ചികിത്സയിലായിരുന്നു. പക്ഷേ, അദ്ദേഹം അത് അത്ര ഗൗരവമായി കണ്ടിരുന്നില്ല.
കാണുമ്പോഴൊക്കെ ഞങ്ങൾ പറയാറുണ്ട്. സെറ്റിൽ വരുമ്പോൾ മരുന്ന് കഴിക്കുന്നത് കാണാറുണ്ട്. കഴിക്കാതെ ഇരിക്കുമ്പോൾ അതിന്റേതായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും കണ്ടിട്ടുണ്ട്. അതുകൊണ്ട്, മുടങ്ങാതെ മരുന്നു കഴിക്കാൻ ഞങ്ങൾ എപ്പോഴും ഓർമപ്പെടുത്തും. മനോജ് പറയുന്നു.