താരപ്രഭ തിരികെപ്പിടിച്ച് തൃഷ
Monday, December 23, 2024 1:40 PM IST
തെന്നിന്ത്യൻ സിനിമാ രംഗത്ത് വീണ്ടും തിരക്കേറുകയാണ് നടി തൃഷ കൃഷ്ണന്. ഒന്നിന് പിറകെ ഒന്നായി താരത്ത തേടിയെത്തുന്നത് വലിയ വലിയ സിനിമകൾ. ഒരു ഘട്ടത്തിൽ മങ്ങിത്തുടങ്ങിയ താരപ്രഭ തൃഷയ്ക്ക് പൂർവാധികം തിളക്കത്തോടെ തിരികെ ലഭിച്ചിരിക്കുന്നു.
നടിയുടെ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. അജിത്ത്, കമൽ ഹാസൻ, ചിരഞ്ജീവി തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമുള്ള സിനിമകൾ വരാനിരിക്കുകയാണ്. മലയാളത്തിൽ ടൊവിനോ തോമസിനൊപ്പം ഐഡന്റിറ്റി എന്ന സിനിമയും റിലീസിനെത്തുന്നു.
അജിത്ത് കുമാറിനൊപ്പം അഭിനയിക്കുന്ന സിനിമ വിടാമുയർച്ചിയിലെ സ്റ്റിൽസ് പങ്കുവച്ചിരിക്കുകയാണ് തൃഷയിപ്പോൾ. അജിത്തിന്റെ കൈ പിടിച്ച് നടക്കുന്ന ഫോട്ടോയാണ് തൃഷ പങ്കുവെച്ചത്. ഉടൻ വരുന്നു എന്ന ക്യാപ്ഷനോടെയാണ് നടി ഫോട്ടോ പങ്കുവെച്ചത്. അജിത്തും തൃഷയും ഒരുമിച്ച് അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണ് വിടാമുയർച്ചി. 2015 ന് ശേഷമാണ് താര ജോഡി വീണ്ടും ഒരുമിച്ചെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം വിശ്വംഭര എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം തൃഷ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. നേരത്തെ ചിരഞ്ജീവിയുടെ ആചാര്യ എന്ന സിനിമയിൽ നിന്ന് ഓഫർ വന്നിരുന്നെങ്കിലും തൃഷ നിരസിക്കുകയായിരുന്നു. തഗ് ലൈഫാണ് തമിഴിൽ നടിയുടെ മറ്റൊരു സിനിമ. കമൽ ഹാസൻ നായകനാകുന്ന തഗ് ലൈഫ് മണിരത്നമാണ് സംവിധാനം ചെയ്യുന്നത്. വൻ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയ് ചിത്രം ഗോട്ടിലെ ഡാൻസ് നമ്പറിലാണ് തൃഷയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.
പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തോടെയാണ് തൃഷയുടെ കരിയറിൽ വീണ്ടും വലിയ ചലനങ്ങളുണ്ടായത്. കുന്ദവി എന്ന കഥാപാത്രത്തെ നടി അവിസ്മരണീയമാക്കി. പിന്നാലെ വിജയ്ക്കൊപ്പം ലിയോ എന്ന ചിത്രത്തിലും അഭിനയിച്ചു.
കരിയറിൽ വലിയ ഹിറ്റുകളില്ലാത്ത സമയത്താണ് പൊന്നിയിൻ സെൽവൻ തൃഷയെ തേടി വരുന്നത്. വൻ ഹിറ്റായ സിനിമ തൃഷയുടെ താരമൂല്യം തിരികെ ലഭിക്കാൻ സഹായിച്ചു. ലേഡി സൂപ്പർസ്റ്റാർ നയൻതാരയേക്കാളും മുകളിലാണ് ഇപ്പോൾ തൃഷയുടെ ഗ്രാഫ്.