ആദി മര്ന്ത്-ഗോഡ്സ് ഓൺ മെഡിസിന് ഗുരുവായൂരിൽ തുടക്കമായി
Monday, December 23, 2024 1:25 PM IST
അട്ടപ്പാടിയിലെ ഗോത്ര വൈദ്യം പ്രമേയമാക്കി നിർമിക്കുന്ന ആദി മര്ന്ത് - ഗോഡ്സ് ഓൺ മെഡിസിൻ എന്ന ഡോക്യൂഫിക്ഷൻ സിനിമയുടെ പൂജാ കർമ്മം ഗുരുവായൂർ സായ് മന്ദിരത്തിൽ നടന്നു. മൗനയോഗി സ്വാമി ഹരിനാരായണൻ ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.
ഗോത്രഗായിക വടികിയമ്മ, രംഗസ്വാമി വൈദ്യർ, അജിത്ത് ഷോളയൂർ, കെ.പി. ഉദയൻ, ബാബുരാജ്, രവി ചങ്കത്ത് എന്നിവർ ഗോത്ര സംസ്ക്കാര മൂല്യങ്ങളെപ്പറ്റി സംസാരിച്ചു. അട്ടപ്പാടിയിലെ ഗോത്രഭാഷാ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായി നിരവധി അംഗീകാരങ്ങൾ നേടിയ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ മാധ്യമ പ്രവർത്തകൻ അജിത്ത് ഷോളയൂർ എഴുതുന്നു.
സായ് സഞ്ജീവനി നിർമിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു. ശിവാനി, മുകേഷ് ലാൽ എന്നിവർ എഴുതിയ വരികൾക്ക് വിജീഷ് മണി സംഗീതം പകരുന്നു.
ഛയാഗ്രഹണം-നിധിൻ ഭഗത്ത്, എഡിറ്റർ- മാരുതി, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ഉദയശങ്കർ, പശ്ചാത്തല സംഗീതം-മിഥുൻ മലയാളം ,പ്രൊഡക്ഷൻ കൺട്രോളർ-റോജി പി.കുര്യൻ, കല-കൈലാഷ് തൃപ്പൂണിത്തുറ, മേക്കപ്പ്-സിജി ബിനേഷ്, വസ്ത്രാലങ്കാരം-ഭാവന, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശരത് ബാബു, പരസ്യകല-സീറോ ക്ലോക്ക്, ലോക്കേഷൻ-അട്ടപ്പാടി.
ഗോത്ര സംസ്കാരത്തിന്റെയും കലകളുടെയും തനിമ ചോരാതെ ആദിമ ജനതയുടെ ഔഷധങ്ങളും ചികിത്സാ രീതികളും ലോകത്തിന് പരിചയപ്പെടുത്തുന്ന ചിത്രമാണ് ആദി മര്ന്ത് - ഗോഡ്സ് ഓൺ മെഡിസിൻ സംവിധായകൻ വിജീഷ് മണി പറഞ്ഞു. പി ആർ ഒ- എ.എസ്. ദിനേശ്.