സിനിമയ്ക്ക് എന്തുകൊണ്ട് ഇംഗ്ലീഷ് പേര് നൽകി? മാധ്യമ പ്രവർത്തകനോട് ചൂടായി കിച്ച സുദീപ്
Monday, December 23, 2024 12:44 PM IST
കന്നഡ സിനിമയ്ക്ക് എന്തുകൊണ്ടാണ് ഇംഗ്ലിഷ് പേര് നല്‍കിയത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് തക്ക മറുപടിയുമായി നടന് കിച്ച സുദീപ്. റിലീസിനൊരുങ്ങിയ തന്റെ പുതിയ ചിത്രമായ ‘മാക്സ്’ എന്ന സിനിമയുടെ പ്രസ്മീറ്റിനിടെയാണ് സിനിമയ്ക്ക് എന്തുകൊണ്ട് ഇംഗ്ലിഷ് പേരു നൽകിയെന്ന് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചത്.
ചോദ്യം കേട്ട താരം ഏറെ നേരം മാധ്യമപ്രവര്‍ത്തകനെ തന്നെ നോക്കി നിന്നു. ശേഷം തന്റെ മുമ്പില്‍ വച്ചിരിക്കുന്ന ചാനല്‍ മൈക്കുകളെ ചൂണ്ടി അദ്ദേഹം ചോദിച്ചു, ഇതില്‍ എത്ര ഇംഗ്ലിഷ് പേരുകളുണ്ട് എന്ന് തിരിച്ചു ചോദിക്കുകയായിരുന്നു.
‘‘ഇവിടെ ഒരുപാട് ചാനലുകളുണ്ട്. എല്ലാത്തിലും ഇംഗ്ലിഷുണ്ട്. കന്നഡയിലാണ് എഴുതിയിരിക്കുന്നത്. കാണുന്നത് കന്നഡക്കാരാണ്. ഞാന്‍ സംസാരിക്കുന്നത് കന്നഡയിലാണ്. ഇവിടെ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുണ്ട്. അവിടെ പോകുന്നത് കന്നഡക്കാരാണ്. എന്താണ് നിങ്ങളുടെ പ്രശ്നം. ആപ്പിളിന് എന്താണ് കന്നഡയില്‍ പറയുന്നത്?’’കിച്ച സുദീപ് മാധ്യമപ്രവര്‍ത്തകരോടു തിരിച്ചു ചോദിച്ചു.
അതേസമയം, വിജയ് കാര്‍ത്തികേയ സംവിധാനം ചെയ്യുന്ന മാക്സ് ഡിസംബര്‍ 25ന് ആണ് തിയേറ്ററില്‍ എത്താനൊരുങ്ങുന്നത്. വരലക്ഷ്മി ശരത്കുമാര്, സംയുക്ത ഹൊര്‍ണാഡ്, സുകൃത, സുനില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.