യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടർന്നു, തിയറ്റർ വിടാൻ തയാറായില്ല
Monday, December 23, 2024 11:15 AM IST
പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അറിഞ്ഞിട്ടും നടൻ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നതായി പോലീസ്.
യുവതി മരിച്ച വിവരം തിയറ്ററിൽവച്ച് അല്ലുവിനെ പോലീസ് അറിയിച്ചിരുന്നതായി ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞു. തിയറ്ററിൽനിന്ന് പോകാൻ താരം കൂട്ടാക്കിയില്ല. മടങ്ങുമ്പോൾ ആളുകളെ കാണരുതെന്ന നിർദേശം പാലിച്ചില്ല. ദുരന്തശേഷവും നടൻ ആളുകളെ അഭിവാദ്യം ചെയ്തു. തെളിവായി തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.
നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നായിരുന്നു മറുപടി. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും എസിപി രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇന്നലെ നടന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ജൂബിലി ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളുകളാണ് വീടിനു കല്ലെറിഞ്ഞത്. പൂച്ചെട്ടികള്‍ തകര്‍ത്തു.
ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ എന്ന് അവകാശപ്പെട്ടവരാണ് ആക്രമണം നടത്തിയത്. പുഷ്പ2 സിനിമാ പ്രദര്‍ശനത്തിനിടെ തിയറ്ററിലുണ്ടായ തിരക്കില്‍ സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം നടക്കുമ്പോള്‍ അല്ലു വീട്ടിലുണ്ടായിരുന്നില്ല.
ഡിസംബര്‍ നാലിന് നടന്ന പ്രിമിയര്‍ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകന് ശ്രീ തേജ (9) അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു.