വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായം; സണ്ണി ലിയോണിയുടെ പേരിൽ തട്ടിപ്പ്
Monday, December 23, 2024 11:02 AM IST
വിവാഹിതരായ സ്ത്രീകൾക്കായുള്ള ഛത്തീസ്ഗഢ് സർക്കാർ പദ്ധതിയിൽ നടി സണ്ണി ലിയോണിന്റെ പേരിൽ തട്ടിപ്പ്. സണ്ണി ലിയോണിന്റെ പേരിൽ അക്കൗണ്ട് തുറന്ന് മാസംതോറും 1,000 രൂപയാണ് യുവാവ് കൈക്കലാക്കിയത്.
ബിജെപി സർക്കാരിന്റെ മഹ്താരി വന്ദൻ യോജനയ്ക്കു കീഴിൽ, ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകൾക്കു പ്രതിമാസം 1,000 രൂപ ലഭിക്കുന്നതാണു പദ്ധതി. വീരേന്ദ്ര ജോഷിയാണ് തട്ടിപ്പു നടത്തിയത്. ഇയാളെക്കുറിച്ചു കൂടിതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ തലൂർ ഗ്രാമത്തിലാണ് തട്ടിപ്പു നടന്നത്. വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും വനിതാ ശിശുവികസന വകുപ്പിനോട് ജില്ലാ കളക്ടർ ഉത്തരവിട്ടു.
അതേസമയം, മഹ്താരി വന്ദൻ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ് ആരോപിച്ചു. എന്നാൽ, കോൺഗ്രസിന് മുൻ കാലത്തു നൽകാൻ കഴിയാതിരുന്ന സഹായം ഇപ്പോൾ സംസ്ഥാനത്തെ സ്ത്രീകൾക്കു ലഭിക്കുന്നതിൽ കോൺഗ്രസ് അസ്വസ്ഥമാണെന്ന് ഉപമുഖ്യമന്ത്രി അരുൺ സാവോ തിരിച്ചടിച്ചു.