യുട്യൂബിൽ ട്രെന്റിംഗായി കാപ്പിപ്പൊടി കുപ്പായക്കാരുടെ ക്രിസ്മസ് പാട്ട്
Monday, December 23, 2024 9:04 AM IST
ക്രിസ്മസ്കാലത്ത് സ്നേഹത്തിന്റെ സൗരഭ്യവുമായി കപ്പൂച്ചിന്‍ സന്യാസഭയിലെ വൈദികര്‍ ഒരുക്കിയ ദൂതരാക്കണേ... എന്ന ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. പാട്ടൊരുക്കിയതും പാടി അഭിനയിച്ചതുമെല്ലാം കാപ്പിപ്പൊടി കുപ്പായക്കാരായ വൈദികരാണ് എന്നതാണ് പ്രത്യേകത.
സ്നേഹത്തിന്റെ പാലകരാക്കി മാറ്റണേ എന്ന സന്ദേശവുമായി സോദരസ്നേഹത്തിന്റെ സന്യാസിമാരായ കപ്പൂച്ചിന്‍ വൈദികരാണ് ക്രിസ്മസ് കാലത്ത് പുതിയ ഗാനോപഹാരം അവതരിപ്പിച്ചിരിക്കുന്നത്.
കോട്ടയം സെന്റ് ജോസഫ്സ് പ്രോവിന്സിന്റെ പുതിയ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനഗാനമായാണ് ദൂതരാക്കണേ എന്ന ഗാനം അവതരിപ്പിച്ചത്. ആധുനികകാലത്തിന് അനുസരിച്ച് സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിന് ഈ ചാനല്‍ ഉപകരണമാക്കാനാണ് സെന്റ് ജോസഫ്സ് പ്രോവിന്‍സ് തയാറെടുക്കുന്നത്.
കേട്ടുപഴകിയ ഗാനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഗാനശൈലിയും അര്‍ത്ഥസംപുഷ്ടമായ വരികളും മനസിന് സന്തോഷംപകരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഗാനം രചിച്ചിരിക്കുന്നത് സെബാസ്റ്റ്യന്‍ കപ്പൂച്ചിനും സംഗീതം പകര്‍ന്നിരിക്കുന്നത് ജോയല്‍ കപ്പൂച്ചിനും ആണ്. ജോണ്‍ കപ്പൂച്ചിനും അനീഷ് കപ്പൂച്ചിനും സച്ചിന് കപ്പൂച്ചിനും ചേര്‍ന്ന് ആലാപനത്തിന് നേതൃത്വം നല്കിയിരിക്കുന്നു.
കാമറ നിര്‍വ്വഹിച്ചിരിക്കുന്നത് ഷിനൂബ് ടി. ചാക്കോയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഡീജോ പി. വര്‍ഗീസും ആണ്. റോയി കാരയ്ക്കാട്ട് കപ്പൂച്ചിനും സ്മിറിന് സെബാസ്റ്റ്യനും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.
കപ്പൂച്ചിന്കോട്ടയം (https://www.youtube.com/@CapuchinKottayam) എന്ന യൂട്യൂബ് ചാനലില്‍ ആണ് പാട്ട് റിലീസ് ആയിരിക്കുന്നത്.