കോർത്തുപിടിക്കാൻ നിന്റെ കരങ്ങളുള്ളിടത്തോളം എവിടെയും എത്താൻ എനിക്ക് കഴിയും; അമാലിനോട് ദുൽഖർ
Monday, December 23, 2024 8:54 AM IST
വിവാഹജീവിതത്തിന്റെ 13വർഷങ്ങൾ ആഘോഷമാക്കി ദുൽഖർ സൽമാൻ. വിവാഹ വാർഷിക ദിനത്തിൽ താരം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
""പരസ്പരം ഭാര്യാഭർത്താക്കന്മാരെന്ന് വിളിക്കുന്നത് ശീലമാക്കാൻ ശ്രമിച്ചതുമുതൽ ഇപ്പോൾ മറിയത്തിന്റെ പപ്പയെന്നും മമ്മയെന്നും വിളിക്കപ്പെടുന്നതിലേക്ക് എത്തിയിരിക്കുന്നു. ഒരുപാട് മുന്നോട്ടുപോയി.
ഞാൻ യാത്രചെയ്യാൻ ആഗ്രഹിക്കുന്ന റോഡുകളോട് തികച്ചും സാമ്യമുള്ളതാണ് ജീവിതം. വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും, ചിലപ്പോൾ സ്പീഡ് ബ്രേക്കറുകളും കുഴികളുമുണ്ടാവും. എന്നാൽ അവ മികച്ച സമയങ്ങളിൽ ഏറ്റവും മികച്ച കാഴ്ചകൾ സമ്മാനിക്കും.
കോർത്തുപിടിക്കാൻ നിന്റെ കരങ്ങളുള്ളിടത്തോളം എവിടെയും എത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതകാലമത്രയും മിസ്റ്റർആൻഡ് മിസിസ് ആയിരിക്കാം. 13-ാം വാർഷികാശംസകൾ. ദുൽഖർ കുറിച്ചു.
2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. ചെന്നൈ സ്വദേശിയായ അമാൽ ആർക്കിടെക്റ്റ് ആണ്. വിവാഹശേഷം 2012-ലായിരുന്നു ദുൽഖർ വെള്ളിത്തിരയിൽ അരങ്ങേറുന്നത്. 2017 മേയ് അഞ്ചിന് ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞിന്റെ പേര്.