ഞാൻ സന്തോഷവതിയാണ്, കീർത്തി അവളുടെ ജീവനെ കണ്ടെത്തി: മേനക സുരേഷ്
Monday, December 23, 2024 8:05 AM IST
കീർത്തി സുരേഷിന്റെ വിവാഹത്തിലുള്ള സന്തോഷം പങ്കുവച്ച് മേനക സുരേഷ്. ആന്റണിയും കീർത്തിയും മുത്തശിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് മേനക സന്തോഷം പങ്കിട്ടത്. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിലെയും ക്രിസ്ത്യൻ ചടങ്ങിലെയും ചിത്രം അവർ പങ്കുവച്ചു.
''എന്റെ മകൾ വിവാഹിതയായി. അവളുടെ ജീവിതത്തിലെ സ്നേഹം അവൾ കണ്ടെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. പ്രിയ ആന്റണിക്കും കീർത്തിക്കും സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു.'' മേനക കുറിച്ചു.
15 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കീർത്തി വിവാഹിതയായത്. തമിഴിൽ നിന്നും വിജയ്, തൃഷ തുടങ്ങിയവരാണ് ചടങ്ങിന് അതിഥികളായി എത്തിയത്. തെലുങ്കിൽ നിന്നും നടൻ നാനിയും എത്തിയിരുന്നു.
ഡിസംബർ12ന് തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.
മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്തെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വര്‍ക്കും ചേര്‍ത്തിട്ടുണ്ട്.
സാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്.
പ്രശാന്ത് ദയാനന്ദ്, യോഗാനന്ദം, കന്തവേല്‍. സുഭാഷ്, ശേഖര്‍, ശിവകുമാര്‍, കണ്ണിയപ്പന്‍, കുമാര്‍ എന്നീ നെയ്ത്ത് കലാകാരന്മാരാണ് ഇതിനുപിന്നില്‍ പ്രവർത്തിച്ചത്. പരമ്പരാഗത ശൈലിയിലായിരുന്നു കീര്‍ത്തി ആന്റണി വിവാഹം. വിവാഹസാരിമുതല്‍ ആഭരണം വരെ തമിഴ് ബ്രാഹ്മണ വിവാഹത്തിന്റെ തനത് ശൈലിയിലാണ് ഒരുക്കിയിരുന്നതും.