ജോജുവും സുരാജും ഒന്നിക്കുന്ന നാരായണീന്റെ മൂന്നാൺമക്കൾ; സെക്കൻഡ് ലുക്ക്
Friday, December 20, 2024 3:45 PM IST
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിർമിച്ച ബാനറായ ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ്, കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം നിർമിക്കുന്ന പുതിയ ചിത്രമായ നാരായണീന്റെ മൂന്നാൺമക്കള് എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും.
ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്, ഷെല്ലി എൻ. കുമാർ, സജിത മഠത്തില്‍, സരസ ബാലുശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
ഒരു നാട്ടിൻ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്ന് ആണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.