എന്നെയും എന്റെ കുടുംബത്തെക്കുറിച്ചും പറയുന്നത് നിർത്തൂ; സൊനാക്ഷി സിൻഹ
Friday, December 20, 2024 3:17 PM IST
അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർപതി (കെബിസി) എന്ന ക്വിസ് ഷോയിൽ പങ്കെടുത്തപ്പോൾ രാമായണത്തിൽ നിന്നുള്ള ഒരു ചോദ്യത്തിന് സൊനാക്ഷി തെറ്റ് ഉത്തരമാണ് നൽകിയത്. 2019ൽ നടന്ന ഈ സംഭവത്തിനു ശേഷം സൊനാക്ഷി സിൻഹയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസമുയർന്നിരുന്നു.
സൊനാക്ഷിയേയും അച്ഛൻ ശത്രുഘ്നൻ സിൻഹയേയും വിമർശിച്ച് നടൻ മുകേഷ് ഖന്നയും അന്നു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരഭിമുഖത്തിലും സൊനാക്ഷിക്കു നേരേ വിമർശനമുന്നയിച്ചു മുകേഷ് ഖന്ന രംഗത്തെത്തിയിരിക്കുന്നു. തനിക്കും തന്റെ കുടുംബത്തിനുമെതിരെ മുകേഷ് ഖന്ന നടത്തുന്ന പ്രസ്താവനകളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സൊനാക്ഷി ഇപ്പോൾ.
വർഷങ്ങൾക്ക് മുൻപ് ഞാൻ പങ്കെടുത്ത ഒരു ഷോയിൽ രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഞാൻ തെറ്റ് ഉത്തരം നൽകിയത് എന്റെ അച്ഛന്റെ കുറ്റമാaണെന്ന് പറയുന്ന താങ്കളുടെ ഒരു പ്രസ്താവന ഞാൻ അടുത്തിടെ വായിച്ചു. ആദ്യം തന്നെ, ആ ദിവസം രണ്ട് സ്ത്രീകൾ ഹോട്ട് സീറ്റിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ അവർക്ക് ഉത്തരം അറിയില്ലായിരുന്നുവെന്നും ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ. പക്ഷേ വ്യക്തമായ ഉദ്യേശങ്ങളോടെ താങ്കൾ എന്റെ പേര് മാത്രം പറയുന്നു.
ചിലപ്പോഴൊക്കെ നിങ്ങൾ ഒന്നും മിണ്ടാതെ പോകാറുണ്ട്. പക്ഷേ ശ്രീ രാമന്റെ ക്ഷമയെക്കുറിച്ചുള്ള ഉപദേശങ്ങൾ നിങ്ങൾ മറന്നു പോയതായി തോന്നുന്നു. അതെ മനുഷ്യസഹജമായ കാരണങ്ങളാൽ ആ ദിവസം അത് ഞാൻ മറന്നു പോയിരിക്കാം. ആർക്കു വേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നതെന്ന് ഞാൻ മറന്നുപോയിരിക്കാം. പക്ഷേ ശ്രീരാമൻ തന്നെ പഠിപ്പിച്ച ക്ഷമയേക്കുറിച്ചും മറവിയെക്കുറിച്ചുമുള്ള പാഠങ്ങൾ നിങ്ങളും മറന്നുപോയിരിക്കുന്നു എന്നത് വ്യക്തമാണ്.
ശ്രീരാമനു മന്ഥരയോടും, കൈകേയിയോടും ക്ഷമിക്കാൻ കഴിയുമെങ്കിൽ, മഹായുദ്ധം കഴിഞ്ഞതിനു ശേഷവും രാവണനോടും ക്ഷമിക്കാൻ കഴിയുമെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് ഈ വളരെ ചെറിയ കാര്യം ഉപേക്ഷിക്കാൻ കഴിയും. ഇത്തരം ചെറിയ കാര്യങ്ങൾ മറക്കൂ. വാർത്തകളിലിടം നേടാൻ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും പറയുന്നത് നിർത്തൂ.
ഒരു കാര്യം തന്നെ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കരുത്. അവസാനമായി, അടുത്ത തവണ നിങ്ങൾ എന്റെ അച്ഛൻ എനിക്ക് പകർന്നു നൽകിയ മൂല്യങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാൻ തീരുമാനിക്കുമ്പോൾ... എന്റെ വളര്‍ച്ചയെക്കുറിച്ച് നിങ്ങള്‍ ചില അരോചകമായ പ്രസ്താവനകള്‍ നടത്തിയതിന് ശേഷവും വളരെ ബഹുമാനത്തോടെ മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ എന്ന കാര്യം ദയവായി ഓര്‍മിക്കുക- സൊനാക്ഷി കുറിച്ചു.
ഹനുമാൻ ആർക്ക് വേണ്ടിയാണ് മൃതസഞ്ജീവനി കൊണ്ടുവന്നത് എന്നായിരുന്നു സൊനാക്ഷിയോടുള്ള ചോദ്യം. താരം ഈ ചോദ്യത്തിന് തെറ്റായ ഉത്തരമാണ് നൽകിയത്. അത് സൊനാക്ഷിയുടെ തെറ്റ് അല്ലെന്നും അവളുടെ അച്ഛന്റെ തെറ്റാണെന്നുമാണ് മുകേഷ് ഖന്ന പറഞ്ഞത്.
കുട്ടികളെ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും സനാതന ധർമ്മത്തെക്കുറിച്ചും പഠിപ്പിക്കണമെന്നും മുകേഷ് ഖന്ന പറഞ്ഞിരുന്നു.