ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയിറക്കം
Friday, December 20, 2024 3:02 PM IST
ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിന് നടക്കുന്ന പരിപാടിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും. സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും.
സുവർണ ചകോരം, രജത ചകോരം, കെ.ആർ.മോഹനൻ എൻഡോവ്മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് പുരസ്കാരങ്ങൾ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്യും. റവന്യുവകുപ്പ് മന്ത്രി കെ.രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി.ശിവൻകുട്ടി എന്നിവർ ചേർന്ന് അർമേനിയൻ ചലച്ചിത്ര സംവിധായകരായ സെർജി അവേദികൻ, നോറ അർമാനി എന്നിവരെ ആദരിക്കും. ജൂറി അംഗങ്ങൾക്കുള്ള പുരസ്കാരം മന്ത്രി കെ.രാജൻ, വി.കെ.പ്രശാന്ത് എംഎൽഎ എന്നിവർ നൽകും.
പോളിംഗിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്കാരം മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും. മാധ്യമ പുരസ്കാരങ്ങൾ മേയർ ആര്യ രാജേന്ദ്രനും തീയറ്റർ പുരസ്കാരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡനന്റ് ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാറും സമ്മാനിക്കും. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ചടങ്ങിൽ സ്വാഗതം ആശംസിക്കും.
ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ആമുഖ പ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി സി.അജോയ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. ചലച്ചിത്ര വികസന കോർപറേഷൻ ചെയർ പേഴ്സൺ ഷാജി എൻ. കരുൺ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർ പേഴ്സൺ കെ.മധുപാൽ എന്നിവർ ആശംസകൾ അറിയിക്കും. സംവിധായകനും അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സോഹൻ സീനുലാൽ നന്ദി പറയും.
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും.