ഹൃദയം കവരും ഈ ഗാനം; മോഹൻലാലിന്റെ സ്വരമാധുരിയിൽ ബറോസിലെ ഗാനം
Friday, December 20, 2024 9:36 AM IST
മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭമായ ബറോസിലെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു. മലയാളത്തിൽ മോഹൻലാൽ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതവിസ്മയമായി അറിയപ്പെടുന്ന ലിഡിയൻ നാദസ്വരമാണ് ഗാനം ചിട്ടപ്പെടുത്തിയത്. വിനായക് ശശികുമാറിന്റേതാണ് വരികൾ.
ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരെ അണിനിരത്തിയാണ് ലിഡിയൻ ബറോസിനു വേണ്ടി ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ‘ഇസബെല്ലാ’ എന്നു തുടങ്ങുന്ന ഗാനത്തിനായി മാസിഡോണിയയിലെ ഫെയിംസ് ഓർക്കസ്ട്രയാണ് അണിചേർന്നത്.
പെർകഷനിസ്റ്റ് എ.ശിവമണി, വയലിനിസ്റ്റ് അനന്ത് കൃഷ്ണൻ, ബാംസുരിയും ഫ്ലൂട്ടുമായി അമൃതവർഷിണിയും ആകാശും തുടങ്ങി ഓരോ മേഖലയിലും പ്രാഗൽഭ്യം തെളിയിച്ചവർ ഒത്തുചേർന്നപ്പോൾ ആസ്വാദകർക്ക് പുതിയ അനുഭവമായി. ഹിന്ദിയിൽ ബോളിവുഡ് ഗായകൻ ഷാൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനത്തിന്റെ പ്രൊഡക്ഷൻ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രണ്ടു മില്യൻ ആളുകളാണ് വിഡിയോ യുട്യൂബിൽ മാത്രം കണ്ടത്. ലിഡിയന്റെ ചെന്നൈയിലെ വീട്ടിൽ ഒരുക്കിയ കൊച്ചു സ്റ്റുഡിയോയിൽ നിന്ന് പാട്ടുപാടുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാം.
പത്തൊൻപതുകാരനായ ലിഡിയൻ നാദസ്വരം ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന സിനിമയാണ് ബറോസ്. ഇളയരാജയുടെ ഹിറ്റ് ഗാനങ്ങളിലൊന്ന് ലിഡിയൻ റിക്രിയേറ്റ് ചെയ്തതു കണ്ടാണ് മോഹൻലാൽ തന്റെ സിനിമയിലേക്ക് ഈ കൊച്ചുസംഗീതജ്ഞനെ ക്ഷണിച്ചത്.
കുട്ടികൾക്കു വേണ്ടിയുള്ള ഫാന്റസി സിനിമയ്ക്കു അനുയോജ്യമായ സംഗീതമൊരുക്കാൻ ലിഡിയനു കഴിയുമെന്ന മോഹൻലാലിന്റെ വിശ്വാസമാണ് ലിഡിയനെ ഈ ചെറുപ്രായത്തിൽ സിനിമയിലേക്കെത്തിച്ചത്.
ഈ പ്രൊജക്ടിലേക്ക് ക്ഷണിക്കുമ്പോൾ വെറും 15 വയസായിരുന്നു ലിഡിയന്റെ പ്രായം. ആരാധകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഡിസംബർ 25ന് തിയറ്ററുകളിലെത്തും.