20 വർഷത്തെ ദാമ്പത്യത്തിന് ക്ലൈമാക്സ്; ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി
Thursday, November 28, 2024 10:41 AM IST
നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കുടുംബ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുവരും ഉറപ്പിച്ച് പറഞ്ഞതോടെയാണ് കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. ഈ മാസം 21ന് ആയിരുന്നു അവസാന ഹിയറിംഗ് നടന്നത്. 21 ന് ഇരുവരും കോടതിയിൽ ഹാജരാവുകയും ചെയ്തിരുന്നു.
ഐശ്വര്യയും ധനുഷും ഇതിനു മുമ്പ് നടന്ന മൂന്ന് ഹിയറിംഗുകളിലും കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് രജനികാന്ത് ഇടപെട്ട് ഇരുവരെയും വിവാഹമോചനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് ഇരുവരും വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആറുമാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം നടന്നത്. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസുമായിരുന്നു പ്രായം. ലിംഗ, യാത്ര എന്നീ രണ്ടുമക്കളാണ് ദന്പതികൾക്കുള്ളത്.