റഹ്മാൻ എനിക്ക് അച്ഛനെപ്പോലെ; കുപ്രചാരണങ്ങൾ തള്ളി മോഹിനി ഡേ
Thursday, November 28, 2024 10:04 AM IST
സംഗീതസംവിധായകൻ എ.ആർ. റഹ്മനൊപ്പം തന്റെ പേര് ചേർത്ത് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് റഹ്മാന്റെ ബാൻഡ് അംഗവും ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ.
റഹ്മാൻ തനിക്ക് സ്വന്തം പിതാവിനെപ്പോലെയാണെന്നും അദ്ദേഹത്തെ എന്നും ആദരവോടെ മാത്രമേ കണ്ടിട്ടുള്ളുവെന്നും മോഹിനി ഡേ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘"എനിക്കും എ.ആർ.റഹ്മാനുമെതിരെ പുറത്തുവരുന്ന അടിസ്ഥാനരഹിതമായ വാർത്തകളുടെ എണ്ണം അവിശ്വസനീയമാണ്. ഇരുസംഭവങ്ങളേയും ചില മാധ്യമങ്ങൾ അശ്ലീലവത്കരിച്ചു. ഗുരുതര കുറ്റകൃത്യമാണത്.
റഹ്മാനൊപ്പം ജോലി ചെയ്ത എട്ടര വർഷക്കാലം ആദരവോടെയാണ് ഓർക്കുന്നത്. ഇത്തരം വൈകാരിക വിഷയങ്ങളിൽ ആളുകൾക്കു ബഹുമാനമോ സഹതാപമോ ഇല്ല എന്നത് നിരാശാജനകമാണ്. ഇവരുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്. റഹ്മാൻ ഇതിഹാസമാണ്. അദ്ദേഹം എന്റെ പിതാവിനെപ്പോലെയാണ്. ആളുകളോട് വിശദീകരണം പറയാൻ ഞാൻ ബാധ്യസ്ഥയല്ല’', മോഹിനി ഡേ കുറിച്ചു.
കഴിഞ്ഞയാഴ്ചയാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും തങ്ങൾ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചത്. പിന്നാലെ മോഹിനി ഡേയും താൻ വിവാഹമോചിതയായെന്നു വെളിപ്പെടുത്തി. തുടർന്ന് ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അപവാദപ്രചാരണങ്ങൾ ശക്തമായിരുന്നു. ഇതിനെതിരെയാണ് പ്രതികരിച്ച് മോഹിനി രംഗത്തെത്തിയത്.