മതനിന്ദ നടത്തിയെന്ന് ആരോപണം;"ടർക്കിഷ് തർക്കം' തിയറ്ററിൽ നിന്നു പിൻവലിച്ച് നിർമാതാക്കൾ
Thursday, November 28, 2024 8:53 AM IST
സണ്ണി വെയ്ൻ, ലുക്ക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം എന്ന സിനിമ തിയറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി അറിയിച്ച് നിർമാതാക്കളായ ബിഗ് പിക്ചേഴ്സ്.
കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം നിർമാതാക്കൾ അറിയിച്ചത്. സിനിമ തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കുകയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ചതിനു ശേഷം വീണ്ടും പ്രദർശനത്തിന് എത്തിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.
നവംബർ 22നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഒരു സംസ്ക്കാരച്ചടങ്ങുമായി ബന്ധപ്പെട്ട തർക്കം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമ കാണാനെത്തുന്ന പ്രേക്ഷരെ ചിലർ തെറ്റിദ്ധരിപ്പിച്ച് സിനിമ കാണുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണെന്നും എന്നാൽ സിനിമയിൽ ഒരു മതത്തെയും നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ലെന്നും നിർമാതാക്കൾ പറയുന്നു.
സിനിമ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലർ തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും നിർമാതാക്കളായ ബിഗ് പിക്ചേഴ്സ് അറിയിച്ചു.
അതേസമയം, തിയറ്ററിൽ നിന്ന് സിനിമ പിൻവലിക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നിർമാതാക്കൾ പങ്കുവച്ചിട്ടില്ലെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറഞ്ഞു. വാർത്തകളിലൂടെയുള്ള അറിവുമാത്രമേ ഇക്കാര്യത്തിലുള്ളൂവെന്നായിരുന്നു അണിയറപ്രവർത്തകരുടെ പ്രതികരണം.