പുതുതലമുറയിലെ പാട്ടുകളിൽ കൈയടി കിട്ടുന്നത് ഗായകർക്കല്ല: ഔസേപ്പച്ചൻ
Wednesday, November 27, 2024 11:55 AM IST
ഇന്നത്തെ കാലത്തു ഗായകർ മുഴുവനായി പാടേണ്ട കാര്യമില്ലെന്നു സംഗീതസംവിധായകൻ ഔസേപ്പച്ചൻ. കുറച്ചൊക്കെ പാടിയാൽ മതി. ബാക്കി കന്പ്യൂട്ടറും മറ്റു സംവിധാനങ്ങളും നോക്കിക്കോളും. അവ നന്നായാൽ പാട്ടിനു കൈയടികിട്ടും.
അല്ലെങ്കിൽ അതും ഉണ്ടാകില്ല. പക്ഷേ, ജോണ്‍സണ്‍മാസ്റ്ററുടെ പാട്ടുകൾ നന്നായി പാടിയാൽമാത്രമേ കൈയടി കിട്ടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഔസേപ്പച്ചൻ.
ജോണ്സണ് സൃഷ്ടിച്ച പാട്ടുകൾ അദ്ദേഹത്തിന്റെ മനസിനെ തൃപ്തിപ്പെടുത്തുംവിധം ആർക്കും പൂർണമായി പാടാൻ സാധിച്ചിട്ടില്ല. പാടാൻ സാധിക്കുകയുമില്ല. ക്രിയേറ്ററുടെ മനസിലുള്ളതു ക്രിയേറ്റർക്കുതന്നെയേ അറിയുകയുള്ളൂ. പാടുംതോറും തിളങ്ങിക്കൊണ്ടിരിക്കുന്നതാണ് ജോണ്‍സണ്‍മാഷിന്റെ പാട്ടുകളുടെ പ്രത്യേകത.
കേരളത്തിന്റെ ഗ്രാമീണതയും ഗൃഹാതുരത്വവും പൈതൃകവും ചോർന്നുപോകാത്തിടത്തോളംകാലം അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും വളരെ ഉയരത്തിൽതന്നെ നിൽക്കുമെന്നും അതിനു പകരംവയ്ക്കാൻ ഇതുവരെ ആരും ഒരു പാട്ടുണ്ടാക്കിയിട്ടില്ലെന്നും അങ്ങനെ ഉണ്ടാക്കാൻ ആളുകൾ കടന്നുവരട്ടെയന്നും ഔസേപ്പച്ചൻ പറഞ്ഞു.