നാഗചൈതന്യയ്ക്ക് പിന്നാലെ അഖിൽ അക്കിനേനിയും വിവാഹിതനാകുന്നു; വധു സൈനബ്
Wednesday, November 27, 2024 10:54 AM IST
നാഗചൈതന്യയ്ക്ക് പിന്നാലെ സഹോദരനും നടനുമായ അഖിൽ അക്കിനേനിയും വിവാഹിതനാകുന്നു. സൈനബ് റാവദ്ജിയാണ് വധു. മുപ്പതുകാരനായ അഖിലിന്റെയും 39കാരിയായ സൈനബിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഈ വിവരം നാഗാർജുനയാണ് ട്വീറ്റ് ചെയ്തത്.
നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനാണ് അഖിൽ. പ്രമുഖ വ്യവസായി സുൾഫി റാവദ്ജിയുടെ മകളാണ് സൈനബ് റാവദ്ജി. ഹൈദരാബാദിലെ ZR റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് സൈനബിന്റെ സഹോദരൻ സൈൻ റാവദ്ജി. സൈനബ് ചിത്രകാരിയാണ്.
""ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റാവദ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ അതിയായ സന്തോഷമുണ്ട്''. നാഗാർജുന എക്സിൽ കുറിച്ചു. അഖിൽ അക്കിനേനിയും വിവാഹനിശ്ചയ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
2016-ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറി. 21ാം വയസിലാണ് അഖിൽ 26 വയസുകാരിയായ ശ്രിയയുമായുള്ള വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് ഇരുവരും അതിൽ നിന്നും പിൻമാറിയത് വലിയ വാർത്തയായി.
അതേസമയം നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിംസബർ നാലിന് ഹൈദരാബാദിൽവെച്ച് നടക്കും. ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി.