ഒരു സ്ഥാനം കിട്ടിയെന്നു കരുതി തലയിൽ കൊമ്പൊന്നുമില്ലല്ലോ; പ്രേംകുമാറിനെതിരെ ധർമജൻ
Wednesday, November 27, 2024 10:27 AM IST
ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിനെതിരേ ആഞ്ഞടിച്ച് ധർമജൻ ബോൾഗാട്ടി. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യമാണെന്നും പ്രേംകുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് ധർമജനെ ചൊടുപ്പിച്ചത്.
താൻ സീരിയൽ എഴുതിയ ആളാണെന്നും സീരിയലുകൾ എൻഡോസൾഫാനാണെന്നു പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ വന്നയാളാണെന്നും ഒരു സ്ഥാനം കിട്ടിയെന്നുവച്ച് തലയിൽ കൊമ്പൊന്നു ഇല്ലെന്നും ധർമജൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
""ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ....''. ധർമജന്റെ വാക്കുകൾ ഇങ്ങനെ.
പ്രേംകുമാറിന്റെ വാക്കുകൾ
""എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് ആതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിംഗ് ഉണ്ട്.
എന്നാൽ ടെലിവിഷൻ സീരിയലുകൾക്കില്ല. അതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.അതിനിടെ സെൻസറിംഗിന് സമയമില്ല. എന്നാൽ ടെലിവിഷൻ സീരിയലുകൾ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്.
ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവയ്ക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം.''