24 വർഷങ്ങൾക്ക് ശേഷം അറയ്ക്കൽ മാധവനുണ്ണി വീണ്ടും വരുന്നു; വല്ല്യേട്ടൻ ട്രെയിലർ
Friday, November 22, 2024 9:53 AM IST
ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ക്ലാസിക് മാസ് ആക്ഷൻ ചിത്രമായ വല്ല്യേട്ടന്റെ ട്രെയിലർ പുറത്തിറങ്ങി. 2000 സെപ്റ്റംബർ പത്തിന് പുറത്തിറങ്ങിയ ഈ ചിത്രം നവംബർ 29-ന് 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് നിർമിച്ചത്.
അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് 24 വർഷങ്ങൾക്ക് ശേഷം 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കുന്നത്. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയുടെ സഹായത്തോടെയും ചിത്രം പുറത്തിറക്കുന്നത്.
മമ്മൂട്ടി അറക്കൽ മാധവനുണ്ണിയായി എത്തുമ്പോൾ ആവേശ ഭരിതമായ രംഗങ്ങളും സംഭാഷണങ്ങളും ഒരിക്കൽ കൂടി തിയേറ്ററുകളിൽ കാണാനുള്ള അവസരമാണ് മാറ്റിനി നൗവും അമ്പലക്കര ഫിലിംസും കൂടി ഒരുക്കുന്നത്.
കാലാതീതമായി ഇന്നും എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങളും ശബ്ദങ്ങളും 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവിൽ ആസ്വദിക്കാനായി ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം ശോഭന, സായ് കുമാർ, സിദ്ദിഖ്, മനോജ് കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് സി. രാജാമണിയും. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഛായാഗ്രഹകൻ രവിവർമ്മനും ചിത്രസംയോജനം നിർവഹിച്ചത് എൽ. ഭൂമിനാഥനുമാണ്. ബോബനാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ.