വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി നയന്‍താരയും ധനുഷും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍
Friday, November 22, 2024 9:16 AM IST
പകർപ്പവകാശവുമായി ബന്ധപ്പെട്ട പോരിനിടയിലും ഒരേ ചടങ്ങിനെത്തി അടുത്തടുത്ത ഇരിപ്പിടങ്ങളിൽ മുഖം കൊടുക്കാതെയിരുന്ന നയൻതാരയുടെയും ധനുഷിന്റെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്ലി കടയുടെ നിര്‍മാതാവായ ആകാശ് ഭാസ്കരന്റെ വിവാഹച്ചടങ്ങിനാണ് ഇരുവരുമെത്തിയത്. പകര്‍പ്പവകാശത്തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കേ ഇതാദ്യമായാണ് നയന്‍താരയും ധനുഷും ഒരേ ചടങ്ങിനെത്തുന്നത്.
വിഘ്നേഷ് ശിവനൊപ്പമാണ് നയന്‍താരയെത്തിയത്. ഇവര്‍ എത്തുമ്പോള്‍ സദസിന്റെ മുന്‍നിരയില്‍ തന്നെ ധനുഷുമുണ്ടായിരുന്നു. ചടങ്ങില്‍ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തില്‍ത്തന്നെയാണ് നയന്‍താരയും ഇരുന്നത്. എന്നാല്‍ ഇരുവരും പരസ്പരം മുഖംകൊടുത്തില്ല. ഇതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില പിന്നണി ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിന് 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ ഇൻസ്റ്റഗ്രാമിൽ തുറന്ന കത്തെഴുതി നയൻ ധനുഷിനെതിരെ ആഞ്ഞടിച്ചിരുന്നു.
ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
പാര്‍വതി തിരുവോത്ത്, ശ്രുതി ഹാസന്, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, അനുപമ പരമേശ്വരന് ഉള്‍പ്പെടെ ധനുഷിനൊപ്പം മുമ്പ് അഭിനയിച്ച നടിമാരും നയൻതാരയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.