ഒന്നിച്ച് ജീവിക്കാനാകില്ല, വിവാഹമോചനം വേണം; ധനുഷും ഐശ്വര്യയും കുടുംബകോടതിയിൽ
Friday, November 22, 2024 8:51 AM IST
വിവാഹമോചനം വേണമെന്നും ഒന്നിച്ചു തുടർന്നു ജീവിക്കാനാകില്ലെന്നും കാണിച്ച് ധനുഷും ഐശ്വര്യ രജനീകാന്തും ചെന്നൈ കുടുംബകോടതിയിൽ ഹാജരായി. വിവാഹമോചനവുമായി ബന്ധപ്പെട്ട കോടതി നടപടികളിൽ ഇരുവരും മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് കോടതിയെ അറിയിച്ചു. ഇതനുസരിച്ച് ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹമോചന ഹർജിയിൽ നവംബർ 27ന് അന്തിമ വിധി വരും.
ഐശ്വര്യയും ധനുഷും ഇതിനു മുമ്പ് നടന്ന മൂന്ന് ഹിയറിംഗുകളിലും കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് രജനികാന്ത് ഇടപെട്ട് ഇരുവരെയും വിവാഹമോചനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് ഇരുവരും വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആറുമാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം നടന്നത്. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസുമായിരുന്നു പ്രായം. ലിംഗ, യാത്ര എന്നീ രണ്ടുമക്കളാണ് ദന്പതികൾക്കുള്ളത്.