റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന് ഡിസംബർ നാലിന് തുടക്കമാകും
Thursday, November 21, 2024 1:10 PM IST
ആറാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ (Rinff 2024) കട്ടപ്പന ടൗണിൽ നടക്കും. മൂന്നു വേദികളിലായി ഡിസംബർ നാല്, അഞ്ച് തിയതികളിലാണ് ഫെസ്റ്റിവൽ നടക്കുക. പ്രകൃതി സംരക്ഷണമെന്ന ഉദാത്ത സന്ദേശവുമായി പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ അന്താരാഷ്ട്ര മത്സര വേദിയാണിത്.
ബേർഡ്സ് ക്ലബ്ബ് ഇന്റർനാഷണലിന്റെയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ നാഷണൽ സർവ്വീസ് സ്കീമിന്റെയും സംയുക്ത സഹകരണത്തിലാണ് ഇക്കൊല്ലം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ആറു വർഷം മുൻപ് മൂന്നാറിൽ തുടക്കം കുറിച്ച Rinff കഴിഞ്ഞ വർഷം മൂവാറ്റുപുഴ നിർമ്മല കോളേജിലായിരുന്നു നടന്നത്. പരിസ്ഥിതി സംരക്ഷണ രംഗത്തെ സമഗ്രസംഭാ വനയ്ക്കുള്ള പ്രകൃതി പുരസ്കാരം (ഗോൾഡൻ എലിഫന്റ്) ഫെസ്റ്റിവലിനോടനുബന്ധിച്ച് എല്ലാ വർഷവും നൽകിപ്പോരുന്നു. പരിസ്ഥിതി പ്രവർത്തനത്തിനും പാരിസ്ഥിതിക നവ നിർമാണത്തിനും ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന വ്യക്തികളെയാണ് പ്രകൃതി പുരസ്കാരം നൽകി ആദരിയ്ക്കുന്നത്.
എൻ.എസ്. രാജപ്പൻ എന്ന കുമരകം സ്വദേശിയായ അംഗപരിമിതനാണ് ഇത്തവണ പുരസ്കാരത്തിന് അർഹനായിരിക്കുന്നത്. വൈകല്യം വകവയ്ക്കാതെ കുമരകത്തെയും സമീപപ്രദേശങ്ങളിലെയും കായലിലും നദിയിലും വള്ളംതുഴഞ്ഞ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ജലസ്രോതസുകളെ അതിന്റെ സ്വാഭാവികതയിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന വ്യക്തിയാണ് രാജപ്പൻ.
രാജപ്പന്റെ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിലും അന്തർദേശീയതലത്തിലും മുൻപ് പുരസ്കാരങ്ങൾ ലഭി ച്ചിട്ടുണ്ട്.
എംജി സർവകലാശാലാ വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ ഡിസംബർ നാലിന് രാവിലെ പത്തിന് കട്ടപ്പന സന്തോഷ് തിയറ്ററിൽ വച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രകൃതി പുരസ്കാര ജേതാവ് എൻ.എസ്. രാജപ്പൻ മുഖ്യാതിഥിയാകും.
എംപി ഡീൻ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ, സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്, നടൻമാരായ ടിനി ടോം, കൈലാസ് എന്നിവരുടെ സാന്നിധ്യമുണ്ടാവും.
ഫെസ്റ്റിവൽ ഡയറക്ടർ സംവിധായകൻ ജയരാജ് ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് പ്രകൃതി ചലച്ചിത്രമേളയുടെ സന്ദേശം അറിയിക്കും. തുടർന്ന് ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ നിന്നുള്ള മൈറ്റി അഫ്രീൻ; ഇൻ ദി ടൈം ഓഫ് ഫ്ലഡ്സ് (2023- ഗ്രീസ്, ഫ്രാൻസ്, ജർമനി) എന്ന ഡോക്യുമെന്ററി ചിത്രം പ്രദർശിപ്പിച്ചു കൊണ്ട് Rinff ആറാം എഡീഷൻ ആരംഭിയ്ക്കും. റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജായിരിക്കും ഫെസ്റ്റിവലിന് ആതിഥ്യമരുളുക.
എംജി സർവ്വകലാശാലയുടെ എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ, ഡോ. ഇ.എൻ. ശിവദാസൻ നേത്യത്വം നൽകുന്ന ബേഡ്സ് ഫോറസ്റ്റ് പദ്ധതിയുടെ (ബേഡ്സ് ക്ലബ്ബ് ഇന്റർനാഷണലുമായി സഹകരിച്ചു കൊണ്ട് ഓരോ യൂണിറ്റുകളിലും നട്ടുവളർത്തുന്നതിനുള്ള ബൃഹദ് പദ്ധതി) യൂണിവേഴ്സിറ്റി തല ഉദ്ഘാടനം ഇതിനോടനുബന്ധിച്ചുണ്ടാവും. സിൻഡിക്കേറ്റ് മെമ്പറും എൻ എസ് എസ് അഡ്വൈസറി കമ്മിറ്റി മെമ്പറുമായ അഡ്വക്കേറ്റ് റെജി സഖറിയയായിരിക്കും ഉദ്ഘാടകൻ.
ഫീച്ചർ, ഡോക്യുമെന്ററി, ഷോർട് ഫിലിം എന്നീ വിഭാഗങ്ങളിലായി 20 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മത്സരിക്കുന്ന ഇൻർനാഷണൽ മത്സര വിഭാഗത്തിന്റെ ജൂറി ചെയർമാൻ പ്രശസ്ത സംവിധായകൻ പ്രൊഫ. കവിയൂർ ശിവപ്രസാദാണ്.
പ്രശസ്ത ചലച്ചിത്ര പ്രവർത്തകരായ ഖാലിദ് അലി (യുകെ), ബിജയാ ജേന, പാബ്ലോ റെൻ ബൗലോ (ചൈന) എന്നിവരാണ് ജൂറി അംഗങ്ങൾ. ക്വാസി അബ്ദുർ റഹീം(മാഡ്രിഡ്) ആയിരിക്കും ഫെസ്റ്റിവലിന്റെ ഇൻ്റർനാഷണൽ ക്യൂറേറ്റർ. കഥാകൃത്തും സംവിധായകനുമായ പ്രദീപ് എം. നായർ ഫെസ്റ്റിവലിന്റെ ആർടിസ്റ്റിക് ഡയറക്ടറായിരിക്കും.
ചലച്ചിത്ര പ്രദർശനങ്ങൾക്കു പുറമേ സെമിനാറുകൾ, ഗ്രാമീണ കലാ പ്രദർശനങ്ങൾ, നേച്ചർ ഫോട്ടോഗ്രഫി പ്രദർശനം, കാമറയുടെ വികാസ പരിണാമങ്ങൾ വിവരിക്കുന്ന പ്രദർശനം എന്നിവ Rinff 2024 ന്റെ ഭാഗമായി അരങ്ങേറും. ഡിസാസ്റ്റർ മാനേജ്മെന്റ് എന്ന വിഷയത്തിൽ മുരളി തുമ്മാരുകുടിയുടെ സംഘമായിരിക്കും സെമിനാർ ലീഡ് ചെയ്യുക.
മികച്ച ഫീച്ചർ ഫിലിമിനുള്ള സിൽവർ എലിഫന്റ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ചിത്രമായിരിക്കും ചലച്ചിത്രമേളയുടെ സമാപന ചിത്രം. ഇന്റർനാഷണൽ മത്സരവിഭാഗത്തിനു പുറമേ സ്കൂൾ കോളേജ് വിദ്യാർഥികൾക്കു വേണ്ടി ഷോർട് ഫിലിം, ഡോക്യുമെന്ററി മത്സരവും ഇതോടൊപ്പം അരങ്ങേറുന്നു.
എംജി സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ എൻഎസ്എസ് യൂണിറ്റുകളിൽ നിന്നുമുള്ള ഷോർട് ഫിലിമുകളും ഡോക്യുമെന്ററികളും മത്സരരംഗത്തുണ്ടാവും. മികച്ച സ്കൂൾ ചിത്രത്തിന് ഗോൾഡൻ ഔൾ പുരസാരവും മികച്ച കോളേജ് ചിത്രത്തിന് ഗോൾഡൻ ഹോൺബിൽ പുരസ്കാരവും സമ്മാ നിയ്ക്കും. പ്രത്യേക ജൂറി പരാമർശം ഏതെങ്കിലും ചിത്രത്തെക്കുറിച്ചുണ്ടായാൽ അതിനു നൽകുക ഗോൾഡൻ ബട്ടർഫ്ലൈ പുരസ്കാരമായിരിക്കും.
മേളയുടെ രണ്ടാം ദിവസം (അഞ്ചാം തീയതി) നടക്കുന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട സഹകരണ, തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ബഹുമാനപ്പെട്ട ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനദാനം നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് - കാവ്യ എച്ച് ദാസ് ഫെസ്റ്റിവൽ കോഡിനേറ്റർ- 8848016832