അമരൻ സിനിമ കാരണം ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ലെന്ന് വിദ്യാര്‍ഥി; 1.1 കോടി നഷ്ടപരിഹാരം വേണം
Thursday, November 21, 2024 11:49 AM IST
ശിവകാര്ത്തികേയന്- സായി പല്ലവി ചിത്രം അമരന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാര്‍ഥി. സായി പല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റെ ഫോൺ നമ്പറായി തന്റെ നമ്പറാണ് സിനിമയിൽ കാണിക്കുന്നതെന്നും സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് കോളുകളെത്തുന്നുവെന്നും ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്നും എഞ്ചിനീയറിംഗ് വിദ്യാർഥിയായ വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
""ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം. ആധാറും ബാങ്ക് അക്കൗണ്ടുകളുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.
ഒക്ടോബർ 31-നാണ് ശിവകാർത്തികേയനും സായിപല്ലവിയും അഭിനയിച്ച അമരൻ ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തിയത്. ദീപാവലി ആഘോഷത്തിനിടെയാണ് അപരിചിതമായ നമ്പരുകളിൽ നിന്ന് കോളുകൾ വരുന്നത് വാഗീശന്റെ ശ്രദ്ധയിൽപ്പെട്ടത്.
ആദ്യം കോൾ എടുത്ത് ഇത് സായി പല്ലവിയുടെ നമ്പർ അല്ലെന്ന് മറുപടി നൽകിയെങ്കിലും പിന്നാലെ നിർത്താതെയുള്ള കോളുകൾ കാരണം ഫോൺ സൈലന്റ് മോഡിൽ ആക്കി. എന്നാൽ വാട്സ്ആപ്പിലും ഇതേരീതിയിലുള്ള സന്ദേശങ്ങൾ എത്തിയതോടെയാണ് തന്റെ മൊബൈൽ നമ്പറാണ് സിനിമയിൽ ഉപയോഗിച്ചതെന്ന് തനിക്കു മനസിലായതെന്ന് വാഗീശൻ പറയുന്നു.
സിനിമ ഇറങ്ങിയത് മുതൽ എനിക്ക് ഉറങ്ങാനോ പഠിക്കാനോ കഴിഞ്ഞിട്ടില്ല. ഫോൺ ഓൺ ചെയ്യുമ്പോൾ അപരിചിതർ വിളിക്കുന്നു. തുടർച്ചയായ ഇൻകമിംഗ് കോളുകൾ കാരണം ഒരു ക്യാബ് ബുക്ക് ചെയ്യാൻ പോലും കഴിയുന്നില്ല. വല്ലാത്ത അവസ്ഥയാണിത്.” വാഗീശൻ പറയുന്നു.
ആദ്യം പ്രശ്നപരിഹാരത്തിനായി സംവിധായകനെയും ശിവകാർത്തികേയനെയും ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് വാഗീശൻ പങ്കുവച്ചിരുന്നു. എന്നാൽ അതിലൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് നിയമപരമായി മുന്നോട്ടുപോകാൻ വിദ്യാർഥി തീരുമാനിച്ചത്.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇന്റർനാഷ്നലും സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമിച്ചത്.