റഹ്മാൻ-സൈറ വേർപിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ?; പ്രതികരിച്ച് അഭിഭാഷക
Thursday, November 21, 2024 9:10 AM IST
സംഗീത സംവിധായകൻ എ.ആർ. റഹ്മാന്- സൈറാ ബാനു വേര്‍പിരിയലിന് റഹ്മാന്റെ സംഗീത ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരവുമായി അഭിഭാഷക വന്ദന ഷാ.
രണ്ടുവിവാഹമോചനങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ വന്ദന ഷാ സൈറയുടേതും റഹ്മാന്റേതും സ്വന്തമായുള്ള തീരുമാനമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ വിവാഹങ്ങളിലും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. മാന്യമായാണ് ഈ ബന്ധം അവസാനിപ്പിച്ചത്. റഹ്മാനും സൈറയും പരസ്പരം പിന്തുണ തുടരുമെന്നും അഡ്വ. വന്ദന വ്യക്തമാക്കി.
റഹ്മാന്റെ വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റഹ്മാന്റെ തന്നെ ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനിയും വിവാഹമോചിതയാകുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇതോടെയാണ് റഹ്മാന്റെ വേർപിരിയലിൽ മോഹിനി ഡേയ്ക്ക് ബന്ധമുണ്ടോയെന്ന ചോദ്യമുയർന്നത്.
എ.ആര്. റഹ്മാന്റെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമാണ് മോഹിനി. കൊല്‍ക്കത്ത സ്വദേശിയായ മോഹിനി ഡേ എ.ആര്.റഹ്മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാല്‍പ്പതിലേറെ ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.
മുംബൈയിലെ നിര്‍വാണ സ്റ്റുഡിയോയിലെ റെക്കോര്ഡിംഗിനിടെയാണ് എ.ആര്. റഹ്മാനെ മോഹിനി പരിചയപ്പെടുന്നത്. കണ്ടതിന്റെ പിറ്റേന്ന് റഹ്മാന് വിളിച്ച് പ്രസിദ്ധമായ എം. ടിവിയിലെ കോക് സ്റ്റുഡിയോയ്ക്ക് വേണ്ടി തന്റെ ബാന്‍ഡിന്റെ ഭാഗമാകാമോയെന്ന് ചോദിച്ചു. ആദ്യത്തെ തവണ കണ്ടപ്പോള്‍ തങ്ങള്‍ പരസ്പരം ചിരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മോഹിനി പറഞ്ഞിട്ടുണ്ട്.
2013-ലെ കോക് സ്റ്റുഡിയോയാണ് മോഹിനിയെ സ്റ്റാര്‍ഡത്തിലേക്ക് ഉയര്‍ത്തുന്നത്. പിന്നീട് റഹ്മാന്റെ സംഘത്തിലെ സ്ഥിരം സാന്നിധ്യമായി.