കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബാല്യകാല സുഹൃത്ത് ആന്റണി
Tuesday, November 19, 2024 10:51 AM IST
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം.
ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കീര്‍ത്തി സുരേഷും ആന്റണിയും തമ്മില്‍ കഴിഞ്ഞ 15 വര്‍ഷമായി അടുപ്പത്തിലാണ്. ഹൈസ്കൂള്‍ പഠനകാലത്താണ് കീര്‍ത്തി ആന്റണിയുമായി പരിചയത്തിലാകുന്നത്. താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി നൽകിയിരുന്നു.
പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി. എന്നാൽ, ആരെയാണ് പ്രണയിക്കുന്നതെന്ന വിവരം ഒരിക്കലും കീർത്തി വെളിപ്പെടുത്തിയിരുന്നില്ല.
നിർമാതാവ് സുരേഷ് കുമാറിന്റെ മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയായിരുന്നു.