പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ് വാല്യൂ കിട്ടില്ല; കങ്കുവയെക്കുറിച്ച് റസൂൽ പൂക്കുട്ടി
Friday, November 15, 2024 3:43 PM IST
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ‘കങ്കുവ’ സിനിമയ്ക്ക് വളരെ മോശം പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സിനിമയിൽ ആകെ സൂര്യയുടെ അലർച്ച മാത്രമാണ് ഉള്ളതെന്നും ചിത്രം പൂർത്തിയാകുമ്പോൾ തല വേദനിക്കുമെന്നുമാണ് പ്രേക്ഷകർ പറയുന്നത്.
സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. ഓസ്കര് ജേതാവും ലോക പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്.
ചിത്രത്തിലെ ശബ്ദത്തെ വിമര്‍ശിച്ചുകൊണ്ട് ദേശീയ മാധ്യമത്തിൽ വന്ന വാർത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ‘‘റീ റെക്കോര്‍ഡിംഗ് മിക്സര്‍ ആയ ഒരു സുഹൃത്താണ് ഈ വാർത്ത എന്റെ ശ്രദ്ധയിൽപെടുത്തുന്നത്.
നമ്മുടെ ജനപ്രിയ സിനിമകളിലെ ശബ്ദത്തെക്കുറിച്ച് ഇത്തരത്തിലൊരു അവലോകനം കാണുമ്പോൾ നിരാശയുണ്ട്. ഉച്ചത്തിലുള്ള ഒരു യുദ്ധത്തില്‍ അകപ്പെട്ടിരിക്കുകയാണ് നമ്മുടെ കലാചാതുരിയും വൈദഗ്ധ്യവുമൊക്കെ. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ശബ്ദ ലേഖകനെയോ? അതോ എല്ലാ അരക്ഷിതാവസ്ഥകളും പരിഹരിക്കുന്നതിന് അവസാന നിമിഷം വരുത്തുന്ന എണ്ണമറ്റ മാറ്റങ്ങളെയോ.
നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ നിലത്ത് ചവുട്ടിനിന്ന് കാര്യങ്ങൾ ഉച്ചത്തിലും വ്യക്തമായും പറയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തലവേദനയോടെ പ്രേക്ഷകർ തിയറ്റർ വിട്ടാൽ ഒരു സിനിമയ്ക്കും ആവർത്തന മൂല്യമുണ്ടാകില്ല.’'റസൂൽ പൂക്കുട്ടി കുറിച്ചു.