"സിനിമയെ പൊക്കിയടിച്ചിട്ട് നീ തന്നെ താഴെയിട്ടു'; എന്റെ ട്രോൾ ചേട്ടന് വലിയ വിഷമമുണ്ടാക്കി: ധ്യാൻ
Friday, November 15, 2024 10:32 AM IST
വർഷങ്ങൾക്ക് ശേഷം സിനിമയെക്കുറിച്ച് താൻ പറഞ്ഞ ട്രോളുകൾ ചേട്ടനും ചിത്രത്തിന്റെ സംവിധായകനുമായ വിനീതിന് വളരെയധികം വിഷമമുണ്ടാക്കിയെന്ന് തുറന്നുപറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോൾ താൻ ചിത്രത്തെ കളിയാക്കി പറഞ്ഞത് വല്ലാതെ വൈറലായെന്നും അത് ചേട്ടന് വിഷമുണ്ടാക്കിയാതായി പിന്നീട് അറിഞ്ഞെന്നും ധ്യാൻ പറഞ്ഞു.
ഓശാന എന്ന ചിത്രത്തിന്റെ ഭാഗമായി റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
""വ്യക്തിപരമായ വിഷമമാണെങ്കിൽ കുഴപ്പമില്ല. പുള്ളിയുടെ സിനിമയെ പറ്റി പറഞ്ഞപ്പോൾ സ്വഭാവികമായിട്ടും നല്ല വിഷമമായി. പുള്ളിയുടെ മാത്രം സിനിമയലല്ലോ എന്റേം കൂടെ സിനിമയാണല്ലോ.
പക്ഷെ പറയുമ്പോൾ എല്ലാം പറയാണല്ലോ. സിനിമ രണ്ടാഴ്ച ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ സിനിമയെക്കുറിച്ച് ഒരു കമന്റ് പറയുന്നത്. ആ സിനിമയ്ക്ക് കിട്ടിയ ട്രോൾ ചേട്ടന് ചെറിയ വിഷമമുണ്ടാക്കിയെന്ന് പിന്നീടാണ് ഞാൻ അറിയുന്നത്.
ഒരു ദിവസം എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായി ഞങ്ങൾ തമ്മിൽ കണ്ടു. അന്ന് പുള്ളി എന്നോട് പറഞ്ഞത് നീ തന്നെ ആ സിനിമയെ പൊക്കിയടിച്ചു നീ തന്നെ അതിനെ താഴെയിട്ടു എന്നാണ്. പിന്നെ ഒരുപാട് സിനിമകൾ ചെയ്യുന്നത് ഞാൻ അവസാനിപ്പിച്ചു. അതൊരു സീസണായിരുന്നു. ധ്യാൻ പറഞ്ഞു.
ഈ വർഷത്തെ പ്രധാന റിലീസുകളിൽ ഒന്നായിരുന്നു പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷമെന്ന ചിത്രം. തിയേറ്ററുകളിൽ മികച്ച പ്രതികരങ്ങളോടെ ചിത്രം അതിവേഗം 50 കോടി ക്ലബ്ബിൽ കയറിയെങ്കിലും ഒടിടി റിലീസിന് ശേഷം ചിത്രത്തിന് വലിയ രീതിയില് ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഇന്റർവ്യൂകളിലെല്ലാം ധ്യാൻ ശ്രീനിവാസൻ പറഞ്ഞ പലതും വലിയ ശ്രദ്ധ നേടിരുന്നു. ഇത് പിന്നീട് പല ട്രോളുകൾക്കും വഴിവെച്ചു.