അധിക ചെലവാണ്, ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കണം: ലാൽ ജോസ്
Thursday, November 14, 2024 8:49 AM IST
ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ രാഷ്ട്രീയപാർട്ടികൾ ശ്രമിക്കണമെന്ന് സംവിധായകന് ലാല്‍ജോസ്. ഒരാൾ മരിച്ചുപോകുമ്പോൾ ഉപതിരഞ്ഞെടുപ്പ് ഉണ്ടായേ തീരു. അല്ലാത്ത ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ഇത്തരം കാര്യങ്ങൾ അധികചെലവാണുണ്ടാക്കുകയെന്നും ലാൽ ജോസ് പറഞ്ഞു. ചേലക്കരയിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ല, കഴിഞ്ഞ ഇലക്ഷന് ഒറ്റപ്പാലത്ത് ആണ് വോട്ട് ചെയ്തത്. താമസം മാറിയതിനു ശേഷമുള്ള ആദ്യത്തെ വോട്ടാണിത്. ഇങ്ങനെയൊരു സാധ്യത ഇവിടെ ഉടനെ ഉണ്ടാകുമെന്ന് വിചാരിച്ചില്ല. ഈ മണ്ഡലത്തിലെ എന്റെ ആദ്യ വോട്ട് ആയതുകൊണ്ടാകും ഈ ആഘോഷം. ഈ പ്രായത്തിൽ ഒരു കന്നിവോട്ടറാകാൻ പറ്റിയതിൽ സന്തോഷം.
അന്റാർട്ടിക്കയില്‍ ആയിരുന്നു ഞാൻ. കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇവിടെ നിന്ന് യാത്ര പുറപ്പെടുമ്പോൾ തന്നെ പ്രചാരണങ്ങളൊക്കെ തുടങ്ങിയിരുന്നു. അന്റാർട്ടിക്കയിലേക്ക് പോകുമ്പോൾ വഴിയിൽ വച്ച് രമ്യാ ഹരിദാസിനെ കണ്ടിരുന്നു. കാർ നിർത്തി സംസാരിച്ചിരുന്നു. പ്രദീപിനെ നേരിട്ട് അറിയുന്ന ആളാണ്. പ്രവചനാതീതമാണ്. അതുകൊണ്ട് ആര് വിജയിക്കുമെന്ന് പറയാനാകില്ല.
ഒരാൾ മരിച്ചുപോകുമ്പോൾ ഉപതിരഞ്ഞെടുപ്പ് ഉണ്ടായേ തീരു. അല്ലാത്ത ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രമിക്കണം. ഇത് അധിക ചെലവാണ്.
രാഷ്ട്രീയം എപ്പോഴും നിരീക്ഷിക്കാറുണ്ട്. രാഷ്ട്രീയമില്ലാതെ ഒരു സിനിമയുമില്ല. സമൂഹത്തെ പ്രതിനിധീകരിക്കുന്ന എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ടാകും. എന്റെ എല്ലാ സിനിമകളിലും എന്റെ രാഷ്ട്രീയമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’’ലാൽ ജോസിന്റെ വാക്കുകൾ.
കേരളത്തിൽ ഭരണവിരുദ്ധവികാരമുണ്ടോ എന്ന ചോദ്യത്തിന് ലാൽ ജോസിന്റെ മറുപടി ഇങ്ങനെയായിരുന്നു‘‘അങ്ങനെ പറയാൻ പറ്റില്ല. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ കൂടും. കൂടുതൽ കാലം നിൽക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാകും. ആര് ഭരിച്ചാലും എല്ലാ കാലത്തും എപ്പോഴും ഒരു പരാതിയുമില്ലാതെ ഭരിക്കാൻ പറ്റുമോ? ആർക്കെങ്കിലും കുറച്ചുപേർക്ക് പരാതിയുണ്ടാകും.’’
കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ പി സ്കൂളിലെ 97 ാം ബൂത്തിലാണ് ലാല്‍ ജോസ് വോട്ട് രേഖപ്പെടുത്തിയത്.