മുത്തപ്പന്റെ കഥയുമായി സാമ്യമുള്ള കാറെഗജ്ജ മലയാളത്തിലും
Wednesday, November 13, 2024 11:30 AM IST
കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമാതാക്കളുടെയും സംവിധായകരുടെയും ആഗ്രഹമാണ് കരാവലി (കറാവളി) ഭാഗത്തെ ആരാധ്യ ദൈവമായ കാറെഗജ്ജയുടെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്ന്.
കാറെജജ്ജ എന്ന ടൈറ്റിൽ ലഭിക്കുന്നതിനു വേണ്ടി ഫിലിം ചേംബറിൽ സമർപ്പിച്ച അപേക്ഷരുടെ നീണ്ട പട്ടിക തന്നെയുണ്ട്. അതു കൂടാതെ കാറെജജ്ജനെ കുറിച്ചുള്ള രണ്ടു മൂന്ന് സിനിമകൾ
പൂർത്തീകരിക്കാനാവാതെ നിന്നു പോയിട്ടുണ്ട്.
ഭാഗ്യവശാൽ ഇതിനിടയിലാണ് പ്രശസ്ത സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അത്താവാർ സംവിധാനം ചെയ്ത കൊറഗജ്ജ പ്രദർശനത്തിന് ഒരുങ്ങുന്നത്. ഇതോടെ കർണാടകയിലെ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
സക്സസ് ഫിലിംസ് ത്രിവിക്രമ സിനിമാസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കാറെഗജ്ജ എന്ന സിനിമ മലയാളം, തമിഴ്, തെലുങ്ക്, തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തിക്കുന്നു.
ചിത്രീകരണത്തി മുമ്പ് ടെലികോം മിനിസ്ട്രിയിൽ ഉന്നത ഉദ്യോഗസ്ഥനായ സുധീർ അത്താവാർ
തന്റെ ജോലി രാജി വെച്ചു.തു ടർന്ന് ഒന്നര വർഷം പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തനിയ എന്ന ആദിവാസി യുവാവ് കാറെഗജ്ജനായി ദൈവികത്വം ലഭിച്ചതെങ്ങനെ എന്ന് പഠനം നടത്തി.
കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കാറെഗജ്ജന്റെ കഥയുമായി സാമ്യമുണ്ടെന്ന് പറയപ്പെടുന്നു. മുത്തപ്പനും കാറെഗജ്ജനും ഒന്നാണെന്നും പറയുന്നവരുമുണ്ട്. ഏകദേശം ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടു പേരുടെയും ജീവിത കഥയ്ക്ക് നല്ല സാമ്യതയുണ്ട്.
ഹോളിവുഡിലും-ബോളിവുഡിലും പ്രശസ്ത അഭിനേതാവായ കബീർ ബേദി, ഹോളിവുഡ്-ബോളിവുഡിലും ഫ്രഞ്ച് സിനിമകളുടെ കൊറിയോഗ്രാഫറും യൂറോപ്യൻ ബാൾഡാൻസറുമായ സന്ദീപ് സോപർക്കർ, ബോളിവുഡിലെ പ്രശസ്തനായ നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്ത താരം ഭവ്യ, സ്വന്തം എന്ന് കരുതി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയയായ നടി ശ്രുതി തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രുതി മമ്മൂട്ടിക്കൊപ്പം ഒരാൾ മാത്രം എന്ന ചിത്രത്തിലും ജയറാമിനൊപ്പം കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന സിനിമയിലും നായികയായി അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി പടീൽ ഈ ചിത്രത്തിൽ അഭിയയിക്കുന്നുണ്ട്.
കന്നട, തുളു ഭാഷകളിലെ പ്രശസ്ത നാടക അഭിനേതാവ് കൂടിയാണ് നവീൻ. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
എറണാകുളത്താണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അധികവും നടക്കുന്നത്. ശബ്ദമിശ്രണം മുംബൈയിൽ പുരോഗമിക്കുന്നു. മലയാളത്തിലെ പ്രശസ്ത കാമറമാൻ മനോജ് പിള്ളയും പവൻ കുമാറും ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്നു.
പ്രശസ്ത വിഎഫ്എക്സ്ക്കാരായ ലവൻ - കുശൻ ഗ്രാഫിക്സ് നിർവഹിക്കുന്നു. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ലിജു പ്രഭാകറാണ് കളറിസ്റ്റ്. ജിത്-ജോഷ്, വിദ്യാധർ ഷെട്ടി എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ- ബിപിൻ ദേവ്. ജനുവരിയിൽ കൊറഗജ്ജാ കേരളത്തിലും പ്രദർശനത്തിനെത്തുന്നു. പിആർഒ-എ.എസ്. ദിനേശ്, വിവേക് വിനയരാജ്.