ഇംഗ്ലിഷ് സാഹിത്യത്തിലെ മാസ്റ്റർ ഡിഗ്രിയാണ് എന്നെ കമ്മീഷണറിൽ സഹായിച്ചത്; സുരേഷ് ഗോപി
Tuesday, November 12, 2024 11:48 AM IST
കമ്മിഷണർ സിനിമയിലെ എക്കാലത്തെയും ഹിറ്റായ രംഗത്തിന്റെ ഷൂട്ടിംഗ് ഓർമകൾ പങ്കുവച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമയുടെ ആദ്യ പകുതി കഴിഞ്ഞുള്ള സീനിൽ രതീഷിന്റെ ഡയലോഗിന് മറുപടിയുമായി ഇരച്ചെത്തുന്ന ഭരത് ചന്ദ്രന്റെ ഓർമകളാണ് സുരേഷ് ഗോപി പങ്കുവച്ചത്.
ഇംഗ്ലിഷ് സാഹിത്യത്തിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയതിന്റെ മേന്മ കൊണ്ടാണ് തനിക്ക് അത്തരമൊരു ഡയലോഗ് പറഞ്ഞ് കൈയടി നേടാൻ സാധിച്ചതെന്ന് സുരേഷ് ഗോപി പറയുന്നു. തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ ഓർത്തെടുത്തത്.
‘‘ഈ സ്ഥലത്തെപ്പറ്റി ഏറ്റവും ഹൃദ്യമായ ഓർമകൾ എനിക്കുള്ളത് കമ്മിഷണർ സിനിമയുടെ ഇന്റർവൽ സീക്വൻസ് എടുത്തതുമായി ബന്ധപ്പെട്ടാണ്. താത്ക്കാലികമായ ഒരു സാഹചര്യം ഉണ്ടാക്കിക്കൊണ്ടാണ് ആ സീൻ ഇവിടെ എടുത്തത്.
രതീഷ് ചേട്ടൻ, എൻ.എഫ്. വർഗീസ്, രാജൻ പി. ദേവ്, അങ്ങനെ ഒരുപിടി താരങ്ങളുമായി സീരിയൽ ലാമ്പുകളൊക്കെ ഇട്ടു ഭയങ്കര വർണശബളമായിട്ടാണ് ആ സീൻ എടുത്തത്. ആദ്യത്തെ ഡയലോഗ് തന്നെ വിചിത്രമാണ്. ഞാൻ കമ്മിഷണറുടെ വണ്ടിയിൽ വന്നിറങ്ങി. ആ സൗണ്ട് കേട്ട് രതീഷേട്ടൻ അങ്ങോട്ട് നോക്കി ഒരു വലിയ ഡയലോഗ് പറയുന്നു.
അദ്ദേഹം അവസാനം പറയുന്ന ഡയലോഗ് ഇംഗ്ലിഷിലാണ്. അവിടെയാണ് ആ സിഗ്നേച്ചർ മ്യൂസിക് ഇട്ട് ഞാൻ നടന്നു കയറി വരുന്നത്. എനിക്ക് ഇപ്പോഴും ഓർമയുണ്ട്, ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് എന്റെ ഡയലോഗ് തുടങ്ങുന്നത്. പിജിക്ക് പഠിക്കുന്ന കാലത്ത് ലിംഗ്വിസ്റ്റിക്സ്, ഫൊണറ്റിക്സ് എന്നതൊക്കെ പഠിച്ചതിന്റെ ഒരു ഓർമയിൽ ഞാൻ ആ ഡയലോഗ് പറഞ്ഞത് പടക്കം പൊട്ടുന്നതുപോലെ ‘ജസ്റ്റ് വൺ ക്വസ്റ്റ്യൻ’ എന്നാണ്. അന്ന് ഇവിടെ കൂടി നിന്ന എല്ലാവരും ആ ഷോട്ട് കഴിഞ്ഞപ്പോൾ കൈയടിച്ചു.
അതിൽ വലിയ കസർത്ത് ഒന്നുമില്ല. പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥൻ വന്ന് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ‘ഐ നീഡ് ടു ആസ്ക് യു ജസ്റ്റ് വൺ ക്വസ്റ്റ്യൻ’ എന്ന് പറയേണ്ടിടത്ത് ഒന്ന് പൊട്ടിച്ചുകൊണ്ട് ‘ജസ്റ്റ് വൺ ക്വസ്റ്റ്യൻ’ എന്ന് പറഞ്ഞപ്പോൾ അതിൽ ഒരു വ്യംഗ്യം ഉണ്ടായിരുന്നു, ഞാൻ നിന്നെ പൂട്ടാൻ പോവുകയാണെന്ന്.
ഈ ഒരു ആരവം എന്ന് പറയുന്നത് ഒരുപക്ഷേ ആ ചിത്രത്തിലെ എന്റെ മറ്റു ഷോട്ടുകൾ ചിത്രീകരിക്കുമ്പോൾ എനിക്ക് പ്രചോദനമായിട്ടുണ്ടാകും. എല്ലാം കൊണ്ടും ഹൃദ്യമായ മുഹൂർത്തങ്ങൾ സമ്മാനിച്ച ഒരു പ്രദേശമാണിത്.’’ സുരേഷ് ഗോപി പറയുന്നു.