ഈ ആളെ വിവാഹം കഴിക്കണമെന്ന് വീട്ടിൽ പറഞ്ഞു, അത്രയും ഇഷ്ടമായിരുന്നു ചേട്ടനെ; സുചിത്ര മോഹൻലാൽ
Tuesday, November 12, 2024 11:14 AM IST
മോഹൻലാലിനെ പ്രണയിച്ചതിനെപ്പറ്റിയും വിവാഹം കഴിച്ചതിനെപ്പറ്റിയും ആദ്യമായി തുറന്നുപറഞ്ഞ് ഭാര്യ സുചിത്ര മോഹൻലാൽ. വിവാഹാലോചന തുടങ്ങിയപ്പോൾ നടൻ മോഹൻലാലിനെ ഇഷ്ടമാണെന്ന് അമ്മയോട് പറയുകയായിരുന്നുവെന്നും നടി സുകുമാരി വഴിയാണ് വിവാഹാലോചന മോഹൻലാലിന്റെ അടുത്ത് അവതരിപ്പിച്ചതെന്നും രേഖ മേനോനു നൽകിയ അഭിമുഖത്തിൽ സുചിത്ര വെളിപ്പെടുത്തി.
‘‘ഞാൻ ആദ്യമായി ചേട്ടനെ കണ്ടത് തിരുവനന്തപുരത്ത് വച്ചാണ്. നിർമാതാവ് മുരുകൻ മാമയുടെ (വൈശാഖ് സുബ്രഹ്മണ്യത്തിന്റെ അച്ഛൻ) കുടുംബവുമായി ഞങ്ങൾക്ക് വളരെയധികം അടുപ്പമുണ്ട്. അവർ ചെന്നൈയിൽ വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ വന്നു താമസിക്കും.
മുരുകൻ മാമയുടെ കല്യാണത്തിന് തിരുവനന്തപുരത്ത് പോയപ്പോഴാണ് ചേട്ടനെ ആദ്യമായി കാണുന്നത്. ഒരു മറൂൺ കളർ ഷർട്ട് ആണ് അന്ന് ഇട്ടിരുന്നത്. അതിന് മുൻപെ തന്നെ തിയറ്ററിൽ പോയി ചേട്ടന്റെ സിനിമകളൊക്കെ കാണാറുണ്ടായിരുന്നു.
കോഴിക്കോട് ആണ് അവധി ദിവസങ്ങളിൽ തിയറ്ററിൽ പോയി സിനിമ കാണാറുള്ളത്. അച്ഛന്റെ സിനിമകൾ എല്ലാം റീമേക്ക് ചെയ്യുമ്പോൾ അദ്ദേഹം അത് കാണാൻ പോകും. കൂടെ ഞങ്ങളെയും കൊണ്ടുപോകും. എല്ലാവരുടെയും അഭിപ്രായം അദ്ദേഹത്തിന് അറിയണം.
മുംബൈയിൽ ആയാലും അച്ഛൻ തിയറ്ററിൽ പോയി ഇരുന്ന് അവിടുത്തെ പ്രേക്ഷകരുടെ അഭിപ്രായം അറിയാൻ ശ്രമിക്കാറുണ്ട്. ആദ്യമായി കണ്ട ചേട്ടന്റെ സിനിമ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ആണ്. അപ്പോഴൊന്നും എനിക്ക് ചേട്ടനെ ഇഷ്ടമേ അല്ല. പക്ഷേ, ആ സിനിമ മുതൽ എത്ര മികച്ച ഒരു നടനാണ് അദ്ദേഹം എന്ന് നമുക്ക് മനസിലായതാണ്.
എന്റെ അമ്മയും അമ്മായിയും എനിക്ക് കല്യാണാലോചന നടത്തുന്ന സമയത്ത് ഞാൻ അവരോട് പറഞ്ഞു, എനിക്ക് ഒരാളെ വിവാഹം കഴിക്കണമെന്നുണ്ട് എന്ന്. അവർ ചോദിച്ചു, ആരാണ് കക്ഷി എന്ന്. ഞാൻ പറഞ്ഞു തിരുവനന്തപുരത്ത് ഉളള ആളാണെന്ന്. അവർ വേറെ ആരോ ആണെന്നാണ് വിചാരിച്ചത്.
ഞാൻ പറഞ്ഞു ഇദ്ദേഹമാണ്. അച്ഛനോട് ചോദിക്കൂ. സുകുമാരി ആന്റി അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട് എന്ന്. അച്ഛൻ സുകുമാരി ആന്റിയോട് പറഞ്ഞാൽ അതുവഴി അദ്ദേഹത്തെ അന്വേഷിക്കാൻ പറ്റുമെന്നും പറഞ്ഞു. അങ്ങനെ ആന്റി വഴിയാണ് അദ്ദേഹത്തെ ബന്ധപ്പെടുന്നതും ഈ വിവാഹം നടക്കുന്നതിലേക്ക് വഴിതെളിഞ്ഞതും.
പണ്ട് ഞാൻ അദ്ദേഹത്തിന് കാർഡുകൾ വാങ്ങി അയച്ചു കൊടുക്കാറുണ്ടായിരുന്നു. എന്റെ പേരൊന്നും വയ്ക്കില്ല. ഞാൻ ആണ് കാർഡ് അയയ്ക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. പിന്നീട് ഇത് ഞാനാണ് അയയ്ക്കുന്നതെന്ന് അദ്ദേഹം കണ്ടുപിടിച്ചു, എങ്ങനെയെന്ന് എനിക്കറിയില്ല.
എന്നോട് പറഞ്ഞത്, ‘അതൊക്കെ ഞാൻ കണ്ടുപിടിച്ചു’ എന്നായിരുന്നു. ഒരു ദിവസം മിനിമം അഞ്ചു കാർഡെങ്കിലും അയയ്ക്കുമായിരുന്നു. അദ്ദേഹം എവിടെയൊക്കെ പോകുന്നെന്ന് ഞാൻ അന്വേഷിച്ചു കണ്ടുപിടിക്കും. എന്നിട്ട് അവിടേക്ക് കാർഡ് അയയ്ക്കും.
ഞാൻ ശരിക്കും അദ്ദേഹത്തെ സ്റ്റോക്ക് ചെയ്യുകയായിരുന്നു. മാത്രമല്ല, ഞങ്ങളുടെ വീട്ടിൽ അദ്ദേഹത്തിന് ഒരു കോഡ് വേർഡ് ഉണ്ടായിരുന്നു, ‘എസ്കെപി’! സുന്ദര കുട്ടപ്പൻ എന്നതിന്റെ കോഡ് ആണ് അത്. ചേട്ടന് ഇക്കാര്യം അറിയാമോ എന്ന് എനിക്കറിയില്ല,’’ സുചിത്ര മോഹൻലാൽ പറഞ്ഞു.