ആട്ടിൻകുട്ടികളെയോ കുതിരകളെയോ നോക്കലാണ് ജോലി, ശമ്പളമൊന്നുമില്ല: പ്രണവിനെക്കുറിച്ച് സുചിത്ര
Monday, November 11, 2024 9:09 AM IST
പ്രണവ് ഇപ്പോൾ ഇന്ത്യയിൽ ഇല്ലെന്നും സ്പെയിനിലെ ഒരു ഫാമിൽ വർക് എവേയിലാണെന്നും ആടുകളെയും കുതിരകളെയും നോക്കുക എന്ന ജോലിയാണ് ചെയ്യുന്നതെന്നും സുചിത്ര മോഹൻലാൽ. വർഷത്തിൽ രണ്ടുപടമെങ്കിലും പ്രണവ് ചെയ്യുക എന്നതാണ് തന്റെ ആഗ്രഹമെന്നും എന്നാൽ പ്രണവിന്റെ ആഗ്രഹം മറ്റൊന്നാണെന്നും അവർ പറയുന്നു.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുചിത്ര മോഹൻലാൽ ഇക്കാര്യം തുറന്നു പറഞ്ഞത്. എല്ലാവരും പറയും അവർ അമ്മയുടെ മകനാണെന്ന്. പക്ഷേ, അങ്ങനെയല്ല. ഞാൻ അങ്ങനെ കരുതുന്നില്ല. കസിൻസ് എല്ലാവരും പറയും, ഞാൻ പറഞ്ഞാലെ അവൻ കേൾക്കുള്ളൂ എന്ന്. സത്യത്തിൽ ഞാൻ പറഞ്ഞാലും അവൻ കേൾക്കില്ല.
അവന് അവന്റേതായ ഒരു തീരുമാനം ഉണ്ട്. അപ്പുവിന് അങ്ങനെ വാശിയൊന്നുമില്ല. നമ്മൾ എന്തൊക്കെ പറഞ്ഞാലും, അവനു തോന്നുന്നതേ ചെയ്യൂ. സിനിമയും അങ്ങനെയാണ്. എനിക്കു കഥ കേൾക്കാൻ ഇഷ്ടമുള്ളതു കൊണ്ട് ഞാൻ കഥ കേൾക്കും.
എങ്കിലും, അവസാന തിരഞ്ഞെടുപ്പ് അപ്പുവിന്റേതാണ്. രണ്ടു വർഷത്തിലൊരിക്കലാണ് അപ്പു ഒരു സിനിമ ചെയ്യുന്നത്. ഞാൻ പറയും, വർഷത്തിൽ രണ്ടു പടമെങ്കിലും ചെയ്യെന്ന്. പക്ഷേ, അവൻ കേൾക്കില്ല. ചിലപ്പോൾ ആലോചിക്കുമ്പോൾ തോന്നും, അവൻ പറയുന്നതാണ് ശരിയെന്ന്! ഇതൊരു ബാലൻസ് ആണല്ലോ.
ഇപ്പോൾ പ്രണവ് സ്പെയിനിലാണ്. ‘വർക്ക് എവേ’ (Work Away) എന്നാണ് അവൻ ഇതിനെ വിളിക്കുന്നത്. സ്പെയിനിൽ എവിടെയോ പോയി ജോലി ചെയ്യുകയാണ് അപ്പു. പൈസ ഒന്നും കിട്ടില്ല. താമസവും ഭക്ഷണവും ഉണ്ട്. അവിടെ പോയി ജോലി ചെയ്യുന്നത് ഒരു അനുഭവമാണ്.
ചിലപ്പോൾ അവിടത്തെ കുതിരകളെ പരിപാലിക്കുന്നതാകും, അല്ലെങ്കിൽ ആട്ടിൻകുട്ടികളെ നോക്കുന്നതാകും. അങ്ങനെ എന്തെങ്കിലും ജോലികളാകും. പ്രണവ് തുടങ്ങിയട്ടല്ലേ ഉള്ളൂ. എന്നാലും എല്ലാവരും അവനെ താരതമ്യം ചെയ്യും. അച്ഛന്റെ ഏഴയലത്ത് ഇല്ല എന്നൊക്കെ പറയും. അപ്പുവിന് മോഹൻലാൽ ആകാൻ പറ്റില്ലല്ലോ.
മായയും ഞാനും കൂടുതൽ സമയവും വഴക്കാണ്. ഇണക്കമുണ്ടെങ്കിലെ പിണക്കമുണ്ടാകൂ എന്നു പറയില്ലേ. അതുപോലാണ് ഞങ്ങൾ. അവൾ ചെന്നൈയിൽ നിന്ന് പുറത്തേക്ക് പോയാൽ ഭയങ്കര സ്നേഹമാണ്, ഫോണിലൂടെ! ഇവിടെ തിരിച്ചു വന്നു കഴിഞ്ഞാൽ വഴക്കു തുടങ്ങും. അച്ഛനും മക്കളും അവരുടേതായ ഒരു രീതിയിൽ വലിയ അടുപ്പമാണ്. സുചിത്ര പറഞ്ഞു.