‘എല്ലാം ഉപേക്ഷിച്ചു അന്ന് എനിക്കൊപ്പം വന്നു, പിന്നീട് എന്റെ കുടുംബത്തിന് വേണ്ടി നിന്നു, ഇന്ന് ആ മാറ്റം ജ്യോതികയ്ക്കു വേണ്ടി’
Tuesday, October 29, 2024 3:14 PM IST
ജ്യോതികയും കുട്ടികളുമൊത്ത് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയതിന്റെ കാരണം തുറന്നു പറഞ്ഞ് സൂര്യ. 18ാം വയസിൽ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതികയെന്നും കഴിഞ്ഞ 27 വർഷം ജ്യോതിക ചെന്നൈയിൽ ആയിരുന്നുവെന്നും സൂര്യ പറഞ്ഞു.
തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വർഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാൻ കാരണമെന്ന് സൂര്യ പറയുന്നു.
18-ാം വയസിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. ഏകദേശം 27 വർഷത്തോളം അവൾ ചെന്നൈയിൽ താമസിച്ചു. 18 വർഷം മാത്രം മുംബൈയിൽ താമസിച്ച അവൾ 27 വർഷവും ചെന്നൈയിലായിരുന്നു ചെലവഴിച്ചത്.
അവൾ എന്നും എന്നോടും എന്റെ കുടുംബത്തോടുമൊപ്പം ഉണ്ടായിരുന്നു. അവൾ അവളുടെ കരിയർ ഉപേക്ഷിച്ചു, അവളുടെ സുഹൃത്തുക്കൾ, അവളുടെ ബന്ധുക്കൾ, അവളുടെ ബാന്ദ്രയിലെ ജീവിതശൈലി എല്ലാം ഉപേക്ഷിച്ച് അവൾ ചെന്നൈയിൽ താമസിച്ചു.
എന്നോടും എന്റെ കുടുംബത്തോടും സമയം ചെലവഴിക്കുന്നതിൽ അവൾ സന്തോഷവതിയായിരുന്നു. ഇപ്പോൾ 27 വർഷങ്ങൾക്ക് ശേഷം അവൾ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കണമെന്ന് ഞാനും ആഗ്രഹിച്ചു.
ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവൾക്ക് അവളുടെ കുടുംബം, സുഹൃത്തുക്കൾ, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിനും സ്ത്രീക്കും ഒരുപോലെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു.
അവളുടെ മാതാപിതാക്കളിൽ നിന്നും അവളുടെ ജീവിതശൈലിയിൽ നിന്നും അവൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിന്നും അവളെ മാറ്റി നിർത്തുന്നതെന്തിനാണ്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നമ്മൾ ഈ മാറ്റം വരുത്താൻ പോകുന്നത്? എന്തിന് എനിക്ക് മാത്രം എല്ലാം ലഭിക്കണം, അതായിരുന്നു എന്റെ ചിന്ത.
ഒരു അഭിനേതാവെന്ന നിലയിൽ അവളുടെ വളർച്ച കാണുന്നതിൽ എനിക്കും സന്തോഷമുണ്ട്. എന്റെ കുട്ടികൾ ഐബി സ്കൂളിലാണ് പഠിച്ചത്, ചെന്നൈയിൽ രണ്ട് ഐബി സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നമ്മുടെ കുട്ടികൾ നന്നായി പഠിക്കുന്നത് നമുക്ക് അഭിമാനമുള്ള കാര്യമാണ്. അവർ എല്ലാത്തിലും മികവ് പുലർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മുംബൈയിൽ ധാരാളം ഐബി സ്കൂളുകളും നല്ല അവസരങ്ങളുമുണ്ട്. അങ്ങനെ അവർ മുംബൈയിലേക്ക് താമസം മാറി.
ഞാൻ ചെന്നൈയ്ക്കും മുംബൈയ്ക്കും ഇടയിൽ ബാലൻസ് ചെയ്തു പോകുന്നു. ഞാൻ മാസത്തിൽ 20 ദിവസം മാത്രമേ ജോലി ചെയ്യുകയുള്ളൂ. 10 ദിവസം ഞാൻ ഒന്നും ചെയ്യുന്നില്ല, ഫോൺ കോളുകൾ എടുക്കുകയോ ഓഫീസ് പ്രവർത്തിപ്പിക്കുകയോ ഇല്ല. മുംബൈയിൽ ആയിരിക്കുമ്പോൾ ഞാൻ സൈലന്റായി ഇരിക്കും. എന്റെ മകളെ പാർക്കിൽ കൊണ്ടുപോകാനും ഐസ്ക്രീം വാങ്ങിക്കൊടുക്കാൻ കൊണ്ടുപോകാനും ഒരു ഡ്രൈവിന് കൊണ്ടുപോകാനും എന്റെ മകനെ ബാസ്കറ്റ് ബോൾ പരിശീലനത്തിന് കൊണ്ടുപോകാനും ഞാൻ സമയം കണ്ടെത്തും.
എന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് സന്തോഷമാണ്. എന്റെ കുടുംബം മുംബൈയിൽ വരുമ്പോൾ ഞങ്ങൾ എല്ലാം കൂടി ഒരുമിച്ചു പുറത്തു പോകും, ഷോപ്പിംഗിനു പോകും, സാധനങ്ങൾ വില പേശി വാങ്ങും, രണ്ടിടത്തും കുട്ടികൾ വളരെ സന്തോഷമായി സമയം ചെലവഴിക്കും. അവരുടെ കുട്ടിക്കാലം വളരെ വിലപ്പെട്ടതാണ്.
എന്റെ കുട്ടികൾക്കും നല്ലൊരു കുട്ടിക്കാലം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അവർക്ക് സ്ട്രീറ്റിൽ കൂടി നടക്കാൻ പറ്റണം, മറ്റു കുട്ടികൾക്കൊപ്പം കളിക്കാൻ കഴിയണം. മുംബൈയിൽ അവർക്ക് അതെല്ലാം കഴിയുന്നുണ്ട്. സൂര്യ പറയുന്നു