ലിയോയുടെ കാണാകാഴ്ചകൾ; മേക്കിംഗ് വീഡിയോയുമായി ലോകേഷ്
Saturday, October 19, 2024 3:32 PM IST
വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോള്‍ സ്പെഷൽ ആനിവേഴ്സറി വീഡിയോ പുറത്തുവിട്ട് പ്രൊഡക്ഷൻ ടീം. ദ് ക്രോണിക്കിൾസ് ഓഫ് ലിയോ എന്ന പേരിൽ എട്ട് മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ് വീഡിയോ ആണ് അണിയറക്കാർ റിലീസ് ചെയ്തത്.
സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള അപൂർവ കാഴ്ചകളും സിനിമയിൽ ഉൾപ്പെടുത്താത്ത രംഗങ്ങളുമൊക്കെ വീഡിയോയിൽ കാണാം.
ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണ് ലിയോ എന്ന് ലിയോയുടെ ഒന്നാം വാർഷികത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.
‘‘ഒരുപാട് നല്ല നിമിഷങ്ങൾ, നല്ല ഓർമ്മകൾ, കുറേ കാര്യങ്ങൾ... എപ്പോഴും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രം, ലിയോ. ലിയോ സാധ്യമാക്കിയതിൽ വിജയ് അണ്ണനോട് ഒരുപാട് സ്നേഹം. സിനിമയ്ക്ക് വേണ്ടി ചോരയും വിയർപ്പുമൊഴുക്കിയവർ, പ്രേക്ഷകർ, എല്ലാവർക്കും നന്ദി.’’– ലോകേഷ് എക്സിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 19-നാണ് ചിത്രം പുറത്തിറങ്ങിയത്. സഞ്ജയ് ദത്ത്, അർജുൻ, തൃഷ, മാത്യൂസ്, ഗൗതം വാസുദേവ മേനോൻ, മഡോണ സെബാസ്റ്റ്യൻ, മൻസൂർ അലിഖാൻ, മിഷ്കിൻ, സാന്‍ഡി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സംഗീതം അനിരുദ്ധ്.