വിവാദങ്ങൾക്കിടയിലും ജയം രവിയും നടി പ്രിയങ്കയുമായുള്ള വിവാഹം കഴിഞ്ഞോ?
Friday, October 4, 2024 3:02 PM IST
ഭാര്യ ആർതിയുമായുള്ള വിവാഹമോചന വാർത്തകളുടെ വിവാദങ്ങൾക്ക് പിന്നാലെ നടൻ ജയംരവി വീണ്ടും വിവാഹതിനായെന്നാണ് കോളിവുഡിലെ സംസാരം. നടി പ്രിയങ്ക മോഹനാണ് വധുവെന്നും ഇവർ തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന രീതിയിലുമാണ് ചിത്രം പ്രചരിക്കുന്നത്.
ആർതി തനിക്ക് ഒരു വീട്ടുവേലക്കാരനോടുള്ള ബഹുമാനം പോലും തന്നിട്ടില്ലെന്ന ജയംരവിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ ചിത്രം വൈറലായതും. പിന്നീട് ചിത്രം ഇരുവരും വിവാഹിതരായതാണെന്നും വളരെ സ്വകാര്യമായി നടന്ന ചടങ്ങാണെന്ന രീതിയിലും വാർത്തകൾ പ്രചരിച്ചു.
എന്നാൽ എം. രാജേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്രദർ എന്ന ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലാണ് പ്രചരിച്ചത്. 2022 ഓഗസ്റ്റിൽ പ്രഖ്യാപിച്ച ചിത്രം ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിന്റെ പ്രചാരണത്തിന് കൂടിയാണ് ചിത്രം പുറത്തുവിട്ടത് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഇത്തരം ഒരു ഫോട്ടോ ബ്രദര്‍ ചിത്രത്തിന്റെ അണിയറക്കാര്‍ ഇപ്പോഴത്തെ വാര്‍ത്തകള്‍ കൂടി മനസിലാക്കി ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മനപൂര്‍വ്വം ഉപയോഗിച്ചതാണ് എന്ന ആക്ഷേപവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
ഈ സമയത്ത് ഇത്തരം പ്രമോഷന് വേണോ എന്ന ചോദ്യവും ചില തമിഴ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ചിത്രത്തിന്റെ വിവിധ പ്രമോഷനുകള്‍ തന്റെ ഔദ്യോഗിക പേജിൽ ജയം രവി പോസ്റ്റ് ചെയ്തിട്ടില്ല.
അതേ സമയം ജയം രവിയും ആരതിയും തമ്മിലുള്ള വിവാഹ മോചന കേസ് ഇനി കോടതിയിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചന.