"ഏറ്റവും മികച്ചവളാണ് നീ, കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’; അമൃതയെ പിന്തുണച്ച് ഗോപി സുന്ദർ
Friday, October 4, 2024 12:03 PM IST
സമൂഹമാധ്യമങ്ങളിൽ നിന്നും നേരിടുന്ന സൈബർ അക്രമണങ്ങളിൽ ഗായിക അമൃത സുരേഷിന് പിന്തുണയുമായി മുൻപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദർ.
മുൻ ഭർത്താവ് ബാലയിൽ നിന്നും താൻ അനുഭവിച്ച പീഡനങ്ങൾ വിവരിച്ചും ഇപ്പോഴും തുടരുന്ന സമൂഹമാധ്യമ അധിക്ഷേപങ്ങളോടു പ്രതികരിച്ചും അമൃത പങ്കുവച്ച കുറിപ്പിനു താഴെ കമന്റിലൂടെയാണ് ഗോപി സുന്ദർ പിന്തുണ പ്രഖ്യാപിച്ചത്.
‘നീ ശക്തയായ ഒരു സ്ത്രീയാണ്, ഏറ്റവും മികച്ചവൾ. കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’ എന്നാണ് ഗോപി സുന്ദർ കമന്റ് ചെയ്തത്. ഈ കമന്റ് ആരാധകരും ഏറ്റെടുത്തു. പിരിഞ്ഞിട്ടും എത്ര ആരോഗ്യകരമായാണ് ഇരുവരും പരസ്പരം പിന്തുണയ്ക്കുന്നതെന്നും ഇതാണ് എല്ലാവരും കണ്ട് പഠിക്കേണ്ടതെന്നും അവർ പറയുന്നു.
അമൃതയുടെ മകൾ അവന്തിക അച്ഛൻ ബാലയ്ക്കെതിരെ നടത്തിയ ഗുരുതര ആരോപണങ്ങൾ വലിയ ചർച്ചകൾക്കു തുടക്കമിട്ടിരുന്നു. പിന്നാലെ അമൃതയെയും കുടുംബത്തെയും വിമർശിച്ചും പിന്തുണച്ചും നിരവധിയാളുകൾ രംഗത്തെത്തി.
ബാലയ്ക്കെതിരെ മുൻ ഡ്രൈവറും അമൃതയുടെ പേഴ്സനൽ അസിസ്റ്റന്റും തുടങ്ങി പലരും വെളിപ്പെടുത്തലുകൾ നടത്തിയതോടെ ചർച്ച മറ്റു തലങ്ങളിലേക്കു നീങ്ങി. പിന്നാലെയാണ് പ്രതികരണക്കുറിപ്പുമായി അമൃത എത്തിയത്.