ജ്യോതികയ്ക്കും സൂര്യയ്ക്കും പിന്നാലെ മകളും; ഡോക്യുമെന്ററി സംവിധായികയായി ദിയ
Friday, October 4, 2024 11:06 AM IST
അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് ചുവടുവയ്ക്കാന് ഒരുങ്ങി മകൾ ദിയ സൂര്യയും. ലീഡിംഗ് ലൈറ്റ് എന്ന ഡോക്യുമെന്ററി ഒരുക്കി സംവിധാന രംഗത്തേക്കാണ് ദിയ ചുവടുവച്ചിരിക്കുന്നത്. വിനോദ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശനങ്ങളാണ് ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത്.
മകളുടെ ആദ്യ സംവിധാന സംരംഭത്തെ പ്രശംസിച്ച് ജ്യോതികയും സൂര്യയുമെത്തി. ‘‘വിനോദ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് ഇത്രയും അർഥവത്തായ ഡോക്യുമെന്ററി നിർമിച്ചതിൽ ദിയ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. ഇത് തുടരുക, ഈ അടിസ്ഥാന പ്രശ്നത്തിലേക്ക് വെളിച്ചം വീശുന്നതിന് നന്ദി.’’–ജ്യോതിക കുറിച്ചു.
‘‘പ്രിയ ദിയ, ഈ ഡോക്യുമെന്ററി നിർമിച്ചതിൽ ഞാൻ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു! തിരശീലയ്ക്ക് പിന്നിലെ അതിശയകരമായ സ്ത്രീകൾക്ക് നിങ്ങൾ എങ്ങനെയാണ് ശബ്ദം നൽകിയതെന്ന് കാണുന്നത് പ്രചോദനകരമാണ്, ഇത് നിന്റെ അദ്ഭുതകരമായ യാത്രയുടെ തുടക്കം മാത്രമാണെന്ന് എനിക്കറിയാം.
നിന്റെ അഭിനിവേശം പിന്തുടരുക, നിന്റെ അപ്പയായതിൽ ഞാൻ അഭിമാനിക്കുന്നു, ഈ പാത നിന്നെ അടുത്തതായി എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാൻ ഞാൻ കാത്തിരിക്കുന്നു. എന്റെ എല്ലാ സ്നേഹവും ആദരവും.’’സൂര്യയുടെ വാക്കുകൾ.
മുംബൈയിലെ അസെൻഡ് ഇന്റർനാഷ്നൽ സ്കൂളിലാണ് ദിയയും ദേവും പഠിക്കുന്നത്. പഠനത്തിലേതെന്ന പോലെ കായിക മേഖലയിലും ഇവർ മികവുപുലർത്തുന്നുണ്ട്.
അടുത്തിടെയാണ് സൂര്യയും ജ്യോതികയും മക്കളും ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മാറിയത്. ജ്യോതികയുടെ അച്ഛനമ്മമാരുടെ അടുത്ത് കൂടുതൽ സമയം ചെലവിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം എന്ന് ജ്യോതിക അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.