സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ കാമറയുടെ മുന്നിൽ നിന്ന കീരിക്കാടൻ ജോസ്; മോഹലാൽ
Friday, October 4, 2024 8:51 AM IST
അന്തരിച്ച നടൻ മോഹൻരാജിനെ അനുസ്മരിച്ച് മോഹൻലാൽ. സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ കാമറയ്ക്ക് മുന്നിൽ നിന്ന കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിന്റെ ഗാംഭീര്യത്തെ ഓർത്തുപോകുകയാണെന്നും വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും നിറഞ്ഞയാളാണ് മോഹൻരാജെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
""കഥാപാത്രത്തിന്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു.
സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ കാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട.'' മോഹൻലാൽ കുറിച്ചു.
തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മോഹൻരാജിന്റെ അന്ത്യം. കെ.മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍രാജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ രാജിനെ പ്രശസ്തനാക്കിയത്. ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങിയ മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഏറെ നാളായി അദ്ദേഹത്തിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു
അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസറായി മോഹന്‍ രാജ് കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം.