മല്ലികയുടെ വെളിപ്പെടുത്തൽ; ഞെട്ടി ബോളിവുഡ്
Thursday, October 3, 2024 2:49 PM IST
ബോളിവുഡ് നായകന്മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള നടി മല്ലിക ഷെരാവത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. നിരവധി ബോളിവുഡ് നായകന്മാർ തന്നെ ഹോട്ടൽ മുറികളിലേക്ക് രാത്രി ക്ഷണിച്ചിട്ടുണ്ടെന്നാണ് മല്ലിക ഒരു വീഡിയോയിൽ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ച ഈ കാര്യങ്ങളാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നത്.
വഴങ്ങിക്കൊടുക്കാത്തതിനാൽ തന്നെ ഒതുക്കിയെന്നും അവർ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് മല്ലിക വീഡിയോയിൽ ഉന്നയിച്ചിരിക്കുന്നത്. ബോളിവുഡ് നായകന്മാരുടെ അനാവശ്യ ഉപദേശത്തെ കുറിച്ചും താരം പറയുന്നുണ്ട്.
ചില നായകന്മാർ എന്നെ ഫോൺ ചെയ്ത് രാത്രി ഹോട്ടൽ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം തിരക്കിയപ്പോൾ ഞാൻ ചെയ്ത ബോൾഡ് ആയ കഥാപാത്രങ്ങൾ കൊണ്ട് അത്തരത്തിലുള്ള വ്യക്തിയാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും അവർ പറയുന്നു. ഇത്തരം ആവശ്യങ്ങൾ തള്ളിയതോടെ എന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്തി- മല്ലിക പറയുന്നു.
മല്ലികയുടെ ആരോപണം വലിയ രീതിയിൽ വൈറലായി. താരങ്ങളുടെ പേരുകൾ ഒന്നും തന്നെ എടുത്തു പറയാതെ മല്ലികയുടെ വെളിപ്പെടുത്തൽ ബോളിവുഡിനെ ആകെ ഇളക്കിമറിച്ചിരിക്കുകയാണ്. നേരത്തെയും തന്റെ പ്രസ്താവനകൾ കൊണ്ടും അഭിപ്രായപ്രകടങ്ങൾ കൊണ്ടും വിവാദം സൃഷ്ടിക്കുന്ന താരം കൂടിയാണ് മല്ലിക ഷെരാവത്ത്. ബോളിവുഡിലെ ഗ്ലാമർ വേഷം ചെയ്യുന്ന നടിമാരിൽ മുൻപന്തിയിൽ ആയിരുന്നു താരം.
മലയാള സിനിമയെ ആകെ ഇളക്കിമറിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ പല ഇൻഡസ്ട്രികളിലും സമാനമായ വെളിപ്പെടുത്തലുകൾ വരികയും അത് ചർച്ചയാവുകയും ഒക്കെ ചെയ്യുന്നുണ്ട്. മലയാളത്തിന്റെ ചുവടുപിടിച്ച് തമിഴിൽ ഉൾപ്പെടെ സ്ത്രീകൾക്ക് എതിരെ ഉണ്ടാവുന്ന അതിക്രമങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിരുന്നു.
സ്ത്രീകൾക്ക് എതിരായ അതിക്രമം തടയാൻ ശക്തമായ ഇടപെടൽ വേണമെന്ന് ബോളിവുഡിൽ നിന്നും ആവശ്യം ഉയരുന്ന വേളയിലാണ് മല്ലികയുടെ തുറന്നുപറച്ചിൽ വന്നിരിക്കുന്നത്.