എന്റെ സ്നേഹമേ, നിനക്കായി ഞാൻ എവിടെയാണെങ്കിലും ഓടിയെത്തും; കുഞ്ഞനുജത്തിയോട് അഹാന
Tuesday, October 1, 2024 8:46 AM IST
ഇളയ സഹോദരി ഹൻസികയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ വീഡിയോയുമായി നടി അഹാന കൃഷ്ണ. വീഡിയോയിൽ കൈക്കുഞ്ഞായ ഹൻസികയെ കൈയിലെടുത്ത് അമ്മ സിന്ധു കൃഷ്ണകുമാറും കുഞ്ഞനുജത്തിയുടെ കൃസൃതികളോട് കൗതുകത്തോടെ പ്രതികരിക്കുന്ന അഹാനയെയും കാണാം. കൃഷ്ണകുമാറാണ് വീഡിയോ പകർത്തിയിരിക്കുന്നത്. 19 വർഷങ്ങൾക്ക് മുൻപെയുള്ള വീഡിയോ ശേഖരത്തിൽ നിന്നുമാണ് അഹാന ഈ വീഡിയോ തിരഞ്ഞെടുത്തത്.
പൂച്ചെടികളുടെ അടുത്ത് നിന്ന് പോസ് ചെയ്യുന്ന സിന്ധു കൃഷ്ണകുമാറിന്റെ കൈയിലിരുന്ന് ഇലയും പൂക്കളും പറിക്കാൻ ശ്രമിക്കുകയാണ് കുഞ്ഞു ഹൻസിക. അടുത്ത് അഹാനയുമുണ്ട്. ഹൻസികയുടെ കുസൃതികൾ ആവേശത്തോടും കൗതുകത്തോടും അച്ഛൻ കൃഷ്ണകുമാറിനോടു പറയുകയാണ് അഹാന.
""സ്നേഹമേ, നിനക്ക് പത്തൊൻപതാം പിറന്നാൾ ആശംസകൾ. നീ ജനിച്ച ദിവസം മുതൽ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ഞാൻ വളരെ പ്രാധാന്യം നൽകുന്നുണ്ട്. നിനക്ക് അറിയാമല്ലോ; ഞാൻ എവിടെയാണെങ്കിലും, എത്ര തിരക്കിലാണെങ്കിലും നിനക്കൊരു ആവശ്യം വന്നാൽ ഞാൻ ഓടിയെത്തും. പിറന്നാൾ ആശംസകൾ എന്റെ കുഞ്ഞി''. അഹാന പിറന്നാളാശംസയായി കുറിച്ചു.
കൃഷ്ണകുമാർ-സിന്ധു ദമ്പതികളുടെ നാലുമക്കളിൽ ഇളയവളാണ് ഹൻസു എന്നു വിളിപ്പേരുള്ള ഹൻസിക. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകർ ചേച്ചിമാരെപ്പോലെ തന്നെ ഹൻസികയ്ക്കുമുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഹൻസിക.