കൊട്ടകകള്‍ പണ്ടേ പൂട്ടി...വിഖ്യാത തിയറ്ററുകള്‍ക്കും താഴു വീഴുന്നു
Monday, September 30, 2024 11:21 AM IST
ഇന്നലെകളിലെ ഗ്രാമീണജീവിതത്തിന്റെ സ്പന്ദനമായിരുന്ന സിനിമാ കൊട്ടകകളും നഗരങ്ങളുടെ തലയെടുപ്പായിരുന്ന വന്‍കിട തിയറ്ററുകളും ഓരോന്നോരോന്നായി പൂട്ടിവരികയാണ്. ടെലിവിഷനും മൊബൈലും യുട്യൂബുമൊക്കെ ജീവിതമായി മാറിയതോടെ ടാക്കീസുകള്‍ പണ്ടേ പൂട്ടിപ്പോയി.
എത്രയോകാലം ഓലമേഞ്ഞ് തൂണില്പ്പൊക്കിയ കൊട്ടകകളില്‍ നസീറും മധുവും ജയഭാരതിയും ഷീലയും ശങ്കരാടിയും സത്യനും ജയനുമൊക്കെ നിറഞ്ഞ സദസില്‍ മിന്നിമറഞ്ഞു. ദിവസേന മൂന്നു പ്രദര്ശനങ്ങളെന്ന അറിയിപ്പും പടത്തിന്റെ വരവ് അറിയിച്ചുള്ള ജീപ്പ് അനൗണ്‍സ്മെന്റും കഥാസാരം പറയുന്ന നോട്ടീസും പോസ്റ്ററുകളുമൊക്കെ ഒരു രസമുള്ള കാലമായിരുന്നു.
ഉന്തും ഇടിയും പിന്നിട്ട് കൈക്കുമ്പിള്‍ മാത്രം കടക്കുന്ന കിളിവാതിലിലൂടെ ടിക്കറ്റ് വാങ്ങി ബഞ്ചിലും കസേരയിലും ഇരുന്ന് ഇഷ്ടതാരങ്ങളെ കണ്ടു കടല കൊറിച്ചിരുന്ന കാലം. അപൂര്‍വം കൊട്ടകകളില്‍ മാത്രം ബാല്‍ക്കണിയും. വ്യാഴാഴ്ച വൈകുന്നേരം ബസുകളുടെ മുകളിലെത്തുന്ന ഫിലിം പെട്ടിയും ബോര്‍ഡില്‍ പതിയുന്ന വന്പോസ്റ്ററും പ്രേക്ഷകര്‍ക്ക് കൗതുകക്കാഴ്ചയായിരുന്നു.
പാലാ, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, ചങ്ങനാശേരി എന്നിവിടങ്ങളില്‍ അന്‍പതും അറുപതും കൊല്ലം കളിച്ച തിയറ്ററുകളേറെയും പൂട്ടിപ്പോയി. ജയനും നസീറുമൊക്കെ ഉദ്ഘാടനം ചെയ്തവയും നൂറു ദിവസം നിറഞ്ഞ സദസില്‍ കളിച്ചപ്പോള്‍ നായകര്‍ നേരിട്ടുവന്ന തിയറ്ററുകളുമൊക്കെ അടഞ്ഞു. ചിലതൊക്കെ വിറ്റുപോയി. ചിലത് ഷോപ്പിംഗ് കോംപ്ലക്സുകളായി.
ലുക്കുള്ള തിയറ്റര്‍ പണിയാനുള്ള മുടക്കും ഇരിപ്പിടങ്ങള്‍ക്കും ശബ്ദസംവിധാനത്തിനുമുള്ള വന്‍ ചെലവുമൊക്കെ ഉടമ വഹിക്കണം.
പടം എന്നുവച്ചാല്‍ അടിമുടി നികുതിയാണ്. നിര്‍മാതാവിനുള്ള മുന്തിയ വിഹിതം കഴിഞ്ഞാല്‍ തിയറ്ററുടമ ഓരോ ടിക്കറ്റിനും ജിഎസ്ടിയും വിനോദനികുതിയും ആഡംബര നികുതിയും കെട്ടിട നികുതിയുമൊക്കെ നല്‍കണം. നൂറു രൂപയുടെ ടിക്കറ്റിന് ഇരുപത്തിയഞ്ചു രൂപയോളമാണ് നികുതി. ആഡംബര നിരക്കില്‍ വൈദ്യുതി ചെലവഴിച്ച് ജീവനക്കാരുടെ വേതനവും പലതരം പിരിവുകളുമൊക്കെ കൊടുത്തുകഴിഞ്ഞാല്‍ തിയറ്റര്‍ മുതലാളിക്ക് കാര്യമായ കിട്ടപ്പോരൊന്നുമില്ല.
നിലവില്‍ കോട്ടയത്തും ചങ്ങനാശേരിയിലുമാണ് 75 വര്‍ഷം തികച്ച തിയറ്ററുകള്‍ അവശേഷിക്കുന്നത്. പൗരാണിക തിയറ്ററുകളില്‍ രണ്ടെണ്ണം ഉടന്‍ നിർത്താനുള്ള തീരുമാനത്തിലാണ്. തിളങ്ങുന്ന തിരശീലയില്‍ മിന്നിമറിയുന്ന സീനുകള്‍ വന്നഷ്ടത്തില് മുന്നോട്ടു കൊണ്ടുപോകുക സാധ്യമല്ലാതായി.
സിനിമാ പ്രേമികള്‍ക്ക് ആശ്വാസമായി ഇന്നുള്ളത് മിനി തിയറ്ററുകളാണ്. നൂറും നൂറ്റന്പതും സീറ്റുകളുള്ള ചെറുതിയറ്ററുകളിലാണ് ഇക്കാലത്ത് പടങ്ങളെത്തുന്നത്. കൊച്ചു തിയറ്ററുകള്ക്കുപോലും ഇക്കാലത്ത് പ്രാരാബ്ധം താങ്ങാനാവുന്നില്ല.
സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നികുതി ഇളവുകള്‍ നല്കാന് തയാറാകുന്നില്ലെങ്കില്‍ ഇന്നത്തെ തലമുറയുടെ സിനിമാ കാഴ്ച തീരും. സിനിമാ വ്യവസായംതന്നെ തരിപ്പണമാകും.