5.30യുടെ ഷോ 7.30 ആയിട്ടും തുടങ്ങിയില്ല; തിയറ്റർ തകർത്ത് എൻടിആർ ഫാൻസ്
Saturday, September 28, 2024 10:48 AM IST
ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തിയ ദേവര എന്ന സിനിമയുടെ ആദ്യ ഷോ പ്രദർശിപ്പിക്കാൻ വൈകിയെന്നാരോപിച്ച് ജൂനിയര്‍ എന്‍ടിആര്‍ ആരാധകർ തിയറ്റർ തകർത്തു. തെലുങ്കാനയിലെ കോതഗുണ്ടയിലെ പലോഞ്ചയിലെ വെങ്കിടേശ്വര തിയേറ്ററാണ് ആരാധകർ തകർത്തത്.
പുലർച്ചെ നാലിന് തന്നെ ആരാധകർ തിയേറ്ററിലെത്തിയെങ്കിലും 5.30ന് പ്രദർശിപ്പിക്കേണ്ടിയിരുന്ന ചിത്രം 7.30ന് പോലും തുടങ്ങിയില്ല. ഇതിൽ ദേഷ്യം തീർത്താണ് ഇവർ തിയറ്റര്‍ തകര്‍ത്തത്. തുടർന്ന് തീയറ്റര്‍ പരിസരത്ത് വലിയ സംഘര്‍ഷം ഉടലെടുത്തു.250 രൂപ ടിക്കറ്റ് 500 രൂപയ്ക്ക് വാങ്ങിയാണ് എത്തിയതെന്നും എന്നിട്ടും ഷോ നടത്തിയില്ലെന്നും ഫാന്‍സ് ആരോപിച്ചു.
തിയറ്റിന്റെ മുന്നിലെ പോസ്റ്ററുകളും വാതിലും ഫാൻസുകാർ തകര്‍ത്തു. കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. അതേ സമയം തെലുങ്ക് സംസ്ഥാനങ്ങളിലെ പലയിടത്തും ദേവര റിലീസ് സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ഖമ്മത്ത് ഒരു തിയേറ്റർ മാനേജ്മെന്റ് പ്രേക്ഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച് തിയേറ്ററിനെതിരെ നടപടി വേണമെന്ന് ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സ് ആവശ്യപ്പെട്ടു. 1200 രൂപയ്ക്കാണ് തീയറ്ററുകര് അതിരാവിലെയുള്ള ഫാന്‍സ് ഷോയുടെ ടിക്കറ്റ് വിറ്റതെന്നും ഒറ്റ ടിക്കറ്റ് രണ്ടോ മൂന്നോ പേർക്ക് വിറ്റെന്നും ആരോപണമുണ്ട്.
ടിക്കറ്റില്ലാത്തവർ തിയറ്ററിനുള്ളിൽ കയറിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നും ആരാധകർ ആരോപിച്ചു.