അമൽ നീരദ്- ഫഹദ് ഫാസിൽ ചിത്രം ‘ബോഗയ്ന്‍വില്ല’ ഒക്ടോബർ 17-ന്
Saturday, September 28, 2024 9:59 AM IST
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗയ്ന്‍വില്ല’ എന്ന ചിത്രം ഒക്ടോബർ 17ന് തിയറ്ററുകളിലെത്തും. സൂപ്പർ ഹിറ്റായി മാറിയ ഭീഷ്മപര്വ്വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തികഞ്ഞ സ്റ്റൈലിഷ് ആക്ഷൻചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് വിവരം. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്ന ചിത്രങ്ങൾക്കുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്.
ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന് ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്.
ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.