എൻടിആറിനോടുള്ള സ്നേഹം കൂടി; ദേവര റിലീസ് ദിവസം ആടിന്റെ തലയറുത്ത് ആരാധകർ
Saturday, September 28, 2024 9:21 AM IST
കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ദേവരയുടെ റിലീസ് ദിവസം തിയറ്ററിൽ ആടിനെ അറുത്ത് ജൂനിയർ എൻടിആറിന്റെ ആരാധകർ. ദേവര സിനിമയുടെ റിലീസിന്റെ ആദ്യ ദിവസം തിയറ്റർ പരിസരത്താണ് ജനക്കൂട്ടത്തിനിടയിൽ കുറച്ചുപേർ ചേർന്ന് ആടിനെ വെട്ടിയത്.
ശേഷം ആരവങ്ങളോടെ സിനിമയുടെ പോസ്റ്ററിനടുത്തേക്ക് നീങ്ങുന്ന ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കൈയിൽ രക്തവുമായി സിനിമയുടെ ആദ്യ ദിനം ആഘോഷിക്കുന്ന ആരാധകരെയും വീഡിയോയിൽ കാണാം. കഴിഞ്ഞ വർഷം ജൂനിയർ എൻടി ആറിന്റെ പിറന്നാളിനും പൊതുയിടത്തിൽ ആടിനെ അറുത്ത് ആരാധകർ ആഘോഷിച്ചത് വാർത്തയായിരുന്നു.
എന്‍ടിആര്‍ ആരാധകരെയും സാധാരണ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ദേവര എന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
നേരത്തെ പുറത്തിറങ്ങിയ ദേവരയിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖറിന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്.
കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര.