ഈ മായാലോകം നൽകിയതിന് നന്ദി; ഉയിരിനും ഉലകിനും പിറന്നാളാശംസകളുമായി നയൻതാരയും വിഗ്നേശും
Friday, September 27, 2024 2:58 PM IST
മക്കളായ ഉയിരിനും ഉലകിനും ജൻമദിനാശാംസകളുമായി നയൻതാരയും വിഗ്നേശ് ശിവനും. തന്റെ ജീവിതവും ലോകവും പ്രണയവും ശക്തിയും എല്ലാം കുഞ്ഞുങ്ങളാണെന്ന് നയൻതാര കുറിച്ചു. ഇരട്ടക്കുട്ടികൾക്ക് ഉയിർ, ഉലക് എന്ന് പേരിട്ടപ്പോൾ അവർ തന്റെ ജീവനും ലോകവും ആയി മാറണമെന്ന് ആഗ്രഹിച്ചെന്നും അവർ അങ്ങനെ തന്നെയാണ് പെരുമാറുന്നതെന്നും വിഘ്നേശ് ശിവൻ കുറിച്ചു.
""എന്റെ അഴകൻമാർക്ക് ജന്മദിനാശംസകൾ. നിങ്ങളോടൊപ്പം ചിലവഴിക്കുന്ന ഓരോ സെക്കൻഡും എനിക്ക് തോന്നുന്നത് ഞാൻ ആ കുഞ്ഞു നിമിഷം മാത്രമാണ് ജീവിതകാലം മുഴുവൻ ജീവിച്ചത് എന്നാണ്.
എന്റെ പ്രണയവും ജീവിതവും മാസ്മരികതയും ശക്തിയും എല്ലാം നിങ്ങളാണ്. ഈ മായാലോകം എനിക്ക് നൽകിയതിന് നന്ദി. എന്റെ പ്രിയപ്പെട്ട ഉയിരും ഉലകും അറിയാൻ, ഞാൻ നിങ്ങളെ രണ്ടുപേരെയും എന്റെ ഹൃദയം കൊണ്ടും ആത്മാവുകൊണ്ടും സ്നേഹിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ നന്മകളും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അമ്മയും അപ്പയും നിങ്ങളെ അതിരുകളില്ലാതെ സ്നേഹിക്കുന്നു''. നയൻ താര കുറിച്ചു.
""ഞാൻ നിങ്ങൾക്ക് ഉയിർ, ഉലക് എന്ന് പേരിട്ടപ്പോൾ നിങ്ങൾ രണ്ടുപേരും എന്റെ ജീവനും ലോകവും ആവണമെന്ന് ഞാൻ ആഗ്രഹിച്ചു. ശരിക്കും അങ്ങനെ തന്നെയാണ് നിങ്ങൾ എനിക്ക് തോന്നിപ്പിച്ചതും. എന്റെ കുഞ്ഞുമക്കൾക്ക് രണ്ടുവയസ് തികയുന്ന ഈ സന്ദർഭത്തിൽ നിങ്ങളോടുള്ള അതിരറ്റ സ്നേഹം ഞാൻ പങ്കുവയ്ക്കുകയാണ്.
അമ്മയും അപ്പയും നമ്മുടെ മുഴുവൻ കുടുംബവും ജീവിതത്തിൽ മറ്റൊരിക്കലും ഇത്രയും സന്തോഷിച്ചിട്ടില്ല. നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന സന്തോഷവും സ്നേഹവും കാണുമ്പോൾ ദൈവത്തിന് ഞങ്ങളോട് വളരെയധികം സ്നേഹമുണ്ടെന്നും ഞങ്ങളെ അദ്ദേഹം കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുകയാണെന്നും വെളിപ്പെട്ടിരിക്കുകയാണ്.
നിങ്ങളും വളരെയധികം അനുഗ്രഹിക്കപ്പെട്ടവരാണെന്ന് ഞാൻ മനസിലാക്കുന്നു. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളോടും ഒപ്പം ഈ പ്രപഞ്ചത്തിലെ എല്ലാ സ്നേഹത്തോടും കൂടി എന്റെ ഉയിരിനും ഉലകിനും ജന്മദിനാശംസ നേരുന്നു. നിങ്ങളെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു.'' വിഘ്നേശ് കുറിച്ചു.
2022 സെപ്റ്റംബർ 26 നാണ് നയൻ താര വിഘ്നേശ് ദമ്പതിമാർക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്നത്. ഗ്രീസിലാണ് കുഞ്ഞുങ്ങളുടെ രണ്ടാം പിറന്നാൾ ഇരുവരും ആഘോഷിക്കുന്നത്.